ഡെറാഡൂൺ: കുംഭമേളക്കുശേഷം ഉത്തരാഖണ്ഡിൽ കോവിഡ് കേസുകളിൽ വൻവർധന. ഒരുമാസം കൊണ്ട് 1.3 ലക്ഷം കേസുകൾ റിപ്പോർട്ട് ചെയ്തു. ഹരിദ്വാറിൽ മഹാകുംഭമേള നടന്ന മാർച്ച് 31 മുതൽ ഏപ്രിൽ 24വരെ കോവിഡ് കേസുകളിൽ 1800 ശതമാനമാണ് വർധന. കുഭമേള അതിതീവ്ര വ്യാപനത്തിന് കാരണമായെന്നാണ് വിലയിരുത്തൽ. ഏപ്രിൽ 12ന് 35 ലക്ഷത്തിലധികവും ഏപ്രിൽ 14ന് 13.51 ലക്ഷവും ആളുകൾ ഹരിദ്വാറിൽ തടിച്ചുകൂടിയിരുന്നു.
ഈ കാലയളവിൽ സംസ്ഥാനത്ത് 1713 കോവിഡ് മരണങ്ങളുണ്ടായി. ഇത് 2020ൽ മഹാമാരി ആരംഭിച്ചതുമുതലുള്ള സംസ്ഥാനത്തെ മൊത്തം കോവിഡ് മരണങ്ങളുടെ പകുതിയാണെന്നും റിേപ്പാർട്ടുകളിൽ പറയുന്നു. നിലവിൽ 24 ശതമാനം പോസിറ്റിവിറ്റി നിരക്കുള്ള ഉത്തരാഖണ്ഡിൽ വ്യാഴാഴ്ച 151ഉം വെള്ളിയാഴ്ച 137ഉം മരണങ്ങളുണ്ടായി. കുംഭമേള ആരംഭിച്ച മാർച്ച് 31ന് സംസ്ഥാനത്തെ മൊത്തം ആക്ടീവ് കേസുകളുടെ എണ്ണം 1863 ആയിരുന്നത് ഏപ്രിൽ 24 ഓടെ 33,330 ആയി ഉയർന്നു.
ജനങ്ങളുടെ ജീവൻ സർക്കാർ അപകടത്തിലാക്കിയതായി കോൺഗ്രസ് വക്താവ് ഗരിമ ദസൗനി കുറ്റപ്പെടുത്തി. കേസുകളുടെയും മരണങ്ങളുടെയും വൻ വർധനക്ക് കാരണം കുംഭമേളയും സർക്കാറിലെ അനവസരത്തിലുള്ള അധികാര മാറ്റവുമാണെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ആരോഗ്യമന്ത്രി സ്ഥാനം കൈയാളിയ സമയത്ത് സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്. പുതിയ മുഖ്യമന്ത്രി ഇതിന് മുമ്പ് ഒരു അഡ്മിനിസ്ട്രേറ്റിവ് തസ്തിക വഹിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.