കൊൽകത്ത: ബി.ജെ.പി അധ്യക്ഷൻ അമിത് ഷായുടെ പശ്ചിമ ബംഗാൾ പര്യടനത്തിൽ ഉച്ച ഭക്ഷണം നൽകി സൽക്കരിച്ച ദമ്പതികൾ തൃണമുൽ കോൺഗ്രസിൽ ചേർന്നു. നക്സൽബാരിയിലെ മഹാലി ഗോത്രത്തിൽ നിന്നുള്ള രാജു മഹാലി, ഭാര്യ ഗീത എന്നിവരാണ് തൃണമുൽ കോൺഗ്രസിൽ ചേർന്നത്. ബുധനാഴ്ച നടന്ന ചടങ്ങിൽ സംസ്ഥാന ടൂറിസം മന്ത്രി ഗൗതം ദേബിൽ നിന്നും ഇരുവരും പാർട്ടി അംഗത്വം സ്വീകരിച്ചു.
കഴിഞ്ഞയാഴ്ച അമിത് ഷായുടെ നേതൃത്വത്തിൽ നടന്ന വടക്കൻ ബംഗാൾ പര്യടനത്തിനിടെയാണ് കട്യാജോദ് ഗ്രാമത്തിലുള്ള രാജു മഹാലിയുടെ വീട്ടിലെത്തിയത്. വാഴയിൽ വിളമ്പിയ വെജിറ്റേറിയൻ ഭക്ഷണം നൽകിയാണ് ഇവർ അമിത് ഷായെ സ്വീകരിച്ചത്. ഷായും മറ്റു നേതാക്കളും നിലത്തിരുന്ന് ഭക്ഷണം കഴിക്കുന്ന ചിത്രവും പുറത്തുവന്നിരുന്നു.
ബി.ജെ.പി അനുയായികളായ രാജുവിനെയും കുടുംബത്തെയും കഴിഞ്ഞ ദിവസം മുതൽ കാണാനില്ലെന്ന് നക്സൽ ബാരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇവരെ തൃണമുൽ നേതാക്കൾ തട്ടികൊണ്ടുപോയി ബലപ്രയോഗത്തിലൂടെ പാർട്ടിയിൽ ചേർത്തിരിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷ് ആരോപിച്ചു.
എന്നാൽ ദമ്പതികളെ ഭീഷണിപ്പെടുത്തി പാർട്ടിയിൽ ചേർത്തിട്ടില്ലെന്നും പണമോ പദവിയോ നൽകി പ്രലോഭിപ്പിച്ചിട്ടില്ലെന്നും തൃണമുൽ മന്ത്രി ഗൗതം ദേബ് പ്രതികരിച്ചു. ദമ്പതികളെ കാണാതായെന്ന പരാതി വ്യാജമാണെന്നും പെയിൻറിങ് തൊഴിലാളിയായ രാജുവും കൂലിപണിക്കാരിയായ ഗീതയും ജോലിക്കായി പോയിരിക്കയായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.