ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ മുസ്ലിം വയോധികനെ സംഘം ചേർന്ന് മർദിക്കുകയും താടി മുറിക്കുകയും ചെയ്ത സംഭവം പൊലീസ് വഴിതിരിച്ചുവിടാൻ ശ്രമിക്കുന്നതായി കുടുംബം. മന്ത്രത്തകിട് വിൽപനയെ ചൊല്ലിയാണ് മർദനമെന്ന വാദം പൊലീസ് സൃഷ്ടിയാണെന്ന് വൃദ്ധന്‍റെ മക്കൾ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തെ കുറിച്ച് അഭിപ്രായം പ്രകടിപ്പിച്ച കോൺഗ്രസ് നേതാക്കളും മാധ്യമപ്രവർത്തകരും ഉൾപ്പെടെ ഒമ്പതുപേർക്കെതിരെ കേസെടുത്തതിന് തൊട്ടുപിന്നാലെയാണ് കുടുംബത്തിന്‍റെ വെളിപ്പെടുത്തൽ.
ജൂൺ അഞ്ചിനാണ് അബ്ദുസ്സമദ് എന്ന വയോധികനെ ഒരുസംഘം മർദിച്ചത്. കഴിഞ്ഞദിവസമാണ് ഇതിന്‍റെ വിഡിയോ പുറത്തായത്. തന്നെ ഏതാനും പേർ തട്ടിക്കൊണ്ടുപോയി ജയ് ശ്രീറാം, വന്ദേ മാതരം എന്നിവ വിളിക്കാൻ ആവശ്യപ്പെട്ട് മർദിക്കുകയായിരുന്നുവെന്ന് അബ്ദുസ്സമദ് പറഞ്ഞിരുന്നു. എന്നാൽ, പ്രവർത്തനരഹിതമായ മന്ത്രത്തകിട് വിറ്റതിനാണ് പ്രതികൾ ഇയാളെ മർദിച്ചതെന്നായിരുന്നു പൊലീസ് വാദം. കേസിൽ സാമുദായിക വിവേചനം ഒന്നുമില്ലെന്നും പ്രതികളിൽ ഹിന്ദുക്കളും മുസ്ലിംകളും അടക്കം ആറുപേരുണ്ടെന്നും പൊലീസ് പറഞ്ഞിരുന്നു.
എന്നാൽ, ഈ ആരോപണം പച്ചക്കള്ളമാണന്ന് അബ്ദുസ്സമദിന്‍റെ മകൻ ബബ്‌ലൂ സെയ്ഫി എൻ.ഡി.ടി.വിയോട് പറഞ്ഞു. "എൻെറ പിതാവ് മന്ത്രത്തകിട്വിൽക്കാറുണ്ടെന്ന് പൊലീസ് പറഞ്ഞത് തെറ്റാണ്. ഞങ്ങളുടെ കുടുംബത്തിൽ ആരും ഈ ബിസിനസ്സ് നടത്തുന്നില്ല. ഞങ്ങൾ എല്ലാവരും മരപ്പണിക്കാരാണ്. പൊലീസ് പറയുന്നതൊന്നും ശരിയല്ല. സത്യം എന്താണെന്ന് അന്വേഷിച്ച് കണ്ടെത്തട്ടെ. നാല് മണിക്കൂർ പിതാവ് പീഡിപ്പിക്കപ്പെട്ടു''-അദ്ദേഹം പറഞ്ഞു.
പിതാവ് അക്രമിക്കപ്പെട്ടതിന്‍റെ തൊട്ടടുത്ത ദിവസം, ജൂൺ 6 ന് തന്നെ ലോണി പൊലീസ് സ്റ്റേഷനിൽ ഇവർ പരാതി നൽകിയിരുന്നു. അതിൽ നടന്ന സംഭവങ്ങൾ അതുപോലെ വിശദീകരിച്ചിരുന്നതായും മകൻ പറഞ്ഞു. അക്രമത്തെ കുറിച്ച് സമദ് പറയുന്നതിങ്ങനെ: 'സംഭവ ദിവസം പള്ളിയിൽ പോകുേമ്പാൾ ഒരാൾ ഓട്ടോറിക്ഷയുമായി വന്ന് ലിഫ്റ്റ് നൽകി. പിന്നീട് രണ്ടുപേർ കൂടി അതിൽ കയറി. എന്നിട്ട് അവർ ഒരു വീട്ടിലേക്ക് കൊണ്ടുപോയി തല്ലി. ജയ് ശ്രീറാം, വന്ദേമാതരം എന്നിവ വിളിക്കാൻ അവർ നിർബന്ധിച്ചു. അവർ എൻെറ മൊബൈൽ എടുത്തു. കത്തിയെടുത്ത് താടി മുറിച്ചു. മറ്റു മുസ്‌ലിംകൾ ആക്രമിക്കപ്പെടുന്നതിന്‍റെ ഒരു വീഡിയോ എനിക്ക് കാണിച്ചുതന്നു. ഇതിനുമുമ്പ് നിരവധി മുസ്‌ലിംകളെ കൊന്നതായി അവർ പറയുന്നുണ്ടായിരുന്നു''.
സംഭവത്തിന് മനപ്പൂർവം സാമുദായിക മുഖം നൽകാൻ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് യു.പി പൊലീസ് ഒമ്പതുപേർക്കെതിരെ കേസെടുത്തത്. ന്യൂസ് പോർട്ടലായ ദ വയർ, മാധ്യമപ്രവർത്തകരായ റാണ അയ്യൂബ്, സാബ നഖ്വി, മുഹമ്മദ് സുബൈർ, കോൺഗ്രസ് നേതാക്കളായ ഡോ. ഷമ മുഹമ്മദ്, സൽമാൻ നിസാമി, അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റി മുൻ വിദ്യാർഥി യൂനിയൻ പ്രസിഡൻറ് മസ്കൂർ ഉസ്മാനി എന്നിവർ വസ്തുതകൾ പരിശോധിക്കാതെ സംഭവത്തിന് വർഗീയ മുഖം നൽകിയെന്നാണ് യു.പി പൊലീസ് ആരോപണം. വൈകാതെ ട്വിറ്ററിലൂടെ സമുദായങ്ങൾക്കിടയിൽ വിദ്വേഷ പ്രചാരണവും ആരംഭിച്ചുവെന്നും പൊലീസ് ആരോപിക്കുന്നു. വയോധികനെ ആക്രമിക്കുന്ന വിഡിയോ പ്രചരിക്കുന്നത് തടയാത്തതിനാണ് ട്വിറ്ററിനെതിരെ കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.