ലഖ്നോ: എം.പി സ്ഥാനം രാജിവെച്ച ബി.എസ്.പി പ്രസിഡൻറ് മായാവതി വിപുല പ്രചാരണത്തിന്. കഴിഞ്ഞ യു.പി നിയമസഭ തെരഞ്ഞെടുപ്പിൽ ദയനീയ പരാജയം ഏറ്റുവാങ്ങിയ പാർട്ടിക്ക്, തെൻറ രാജി പ്രഖ്യാപനത്തിലൂടെ പുതുജീവൻ നൽകാനാണ് ദലിത് നേതാവ് കൂടിയായ മായാവതിയുടെ നീക്കം. ഇതിെൻറ ഭാഗമായി ശനിയാഴ്ച ലഖ്നൗവിൽ ബി.എസ്.പി നേതാക്കളുടെയും ജനപ്രതിനിധികളുടെയും യോഗം വിളിച്ചുകൂട്ടി. രാജിയിലേക്കു നയിച്ച കാര്യങ്ങൾ വിശദീകരിക്കുകയും രാജിക്കുശേഷമുള്ള രാഷ്ട്രീയ സംഭവവികാസങ്ങൾ അവലോകനം ചെയ്യുകയും ചെയ്തു. രാജിക്കാര്യം പ്രവർത്തകരെയും അണികളെയും ബോധ്യപ്പെടുത്താനും നഷ്ടപ്പെട്ട ജനപിന്തുണ ആർജിക്കാനുമായി റാലിയും യോഗവും സംഘടിപ്പിക്കാനും തീരുമാനിച്ചു. ബഹുജൻ സമാജിെൻറ അന്തസ്സും അഭിമാനവും കാക്കുന്നതിനായുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കാനാണ് യോഗം ചേർന്നതെന്ന് ഒരു നേതാവ് പ്രതികരിച്ചു.
ഒരുകാലത്ത് ദലിത് രാഷ്ട്രീയത്തിലൂടെ ഉത്തർപ്രദേശിൽ കരുത്തുറ്റ സാന്നിധ്യമായി മാറിയ മായാവതിയും ബി.എസ്.പിയും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നിലംപരിശായി. 403 അംഗ നിയമസഭയിൽ 18 സീറ്റ് മാത്രമാണ് മുൻ മുഖ്യമന്ത്രികൂടിയായ മായാവതിക്ക് കിട്ടിയത്. ബി.ജെ.പിയാകെട്ട 300ഒാളം സീറ്റ് നേടി. സമീപകാലത്ത് ദലിതുകൾക്കെതിരെ ബി.ജെ.പി സർക്കാറുകളുടെ മൗനാനുവാദത്തോടെ നടക്കുന്ന അതിക്രമങ്ങൾ തിരിച്ചുവരവിനുള്ള കച്ചിത്തുരുമ്പാക്കാനുള്ള ശ്രമമാണ് മായാവതിയുടേത്. അതേസമയം, മായാവതിയുടെ രാജി രാഷ്ട്രീയ സ്റ്റണ്ട് മാത്രമാണെന്നാണ് ബി.ജെ.പിയുടെ പ്രതികരണം. ഉത്തർപ്രദേശിലെ സഹാറൻപൂരിൽ ദലിത് വിഭാഗങ്ങൾക്കെതിരെയുണ്ടായ അതിക്രമങ്ങളെക്കുറിച്ച് രാജ്യസഭയിൽ മായാവതി പ്രസംഗിക്കുന്നതിനിടെ ഉപാധ്യക്ഷൻ പി.ജെ. കുര്യൻ തടസ്സപ്പെടുത്തിയിരുന്നു. ഇതാണ് മായാവതിയെ പ്രകോപിപ്പിക്കുകയും ചൊവ്വാഴ്ച രാജിവെക്കാൻ പ്രേരിപ്പിക്കുകയും ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.