‘പഞ്ചാബിലെ തീവ്രവാദം...’ -കരണത്തടി കിട്ടിയ കങ്കണയുടെ പ്രസ്താവനയിൽ വിവാദം

ന്യൂഡൽഹി: വിമാനത്താവളത്തിൽവെച്ച് സി.ഐ.എസ്.എഫ് വനിത കോൺസ്റ്റബിളിൽനിന്ന് കരണത്തടിയേറ്റ ബി.ജെ.പിയുടെ നിയുക്ത എം.പിയും നടിയുമായ കങ്കണ റണാവത്തിന്‍റെ പ്രതികരണം വിവാദത്തിൽ. പഞ്ചാബിൽ തീവ്രവാദം വർധിച്ചുവരികയാണെന്ന തരത്തിലായിരുന്നു കങ്കണയുടെ പ്രസ്താവന.

ലോക്സഭ തെരഞ്ഞെടുപ്പിൽ മാണ്ഡിയിൽനിന്ന് വിജയിച്ച കങ്കണ ഡൽഹിയിലേക്ക് പോകാനായി മൊഹാലി വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു സംഭവം. ‘പാർലമെന്റിലേക്കുള്ള യാത്ര’ എന്ന തലക്കെട്ടോടെ സെൽഫിയെല്ലാം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത് എത്തിയ കങ്കണയെ കുൽവീന്ദർ കൗർ എന്ന സി.ഐ.എസ്.എഫ് കോൺസ്റ്റബിൾ തല്ലുകയായിരുന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങൾ വൈറലാകുകയും വിവാദമാകുകയും ചെയ്തു.

പഞ്ചാബിലെ കപൂർത്തല ജില്ലയിലെ മഹിവാൾ ഗ്രാമവാസിയായ കുൽവീന്ദർ കൗർ, തന്‍റെ അമ്മ അടക്കം പങ്കെടുത്ത കർഷക പ്രക്ഷോഭത്തെക്കുറിച്ച് കങ്കണ പറഞ്ഞ മോശം പരാമർശത്തോടുള്ള രോഷം കാരണമാണ് നേരിൽ കണ്ടപ്പോൾ മുഖത്തടിച്ചതെന്ന് വ്യക്തമാക്കുകയും ചെയ്തു.

പിന്നീട് സംഭവത്തെക്കുറിച്ച് വിശദീകരിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോയിലെ വാക്കുകളാണ് വിവാദമായത്. ‘മാധ്യമങ്ങളിൽ നിന്നും അഭ്യുദയകാംക്ഷികളിൽ നിന്നും ധാരാളം ഫോൺ കോളുകൾ വരുന്നുണ്ട്. ഞാൻ സുരക്ഷിതയാണ്. ചണ്ഡീഗഢ് വിമാനത്താവളത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ കൂടെയുണ്ടായിരിക്കെയാണ് സംഭവം. സുരക്ഷാ പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ നിമിഷം മറ്റൊരു ക്യാബിനിലെ സെക്യൂരിറ്റി സ്റ്റാഫ് വന്ന് എന്‍റെ മുഖത്ത് ഇടിക്കുകയും അസഭ്യം പറയുകയും ചെയ്തു. എന്തുകൊണ്ടാണ് ഇത് ചെയ്തത് എന്ന് ഞാൻ ചോദിച്ചു. കർഷകരുടെ പ്രതിഷേധത്തെ പിന്തുണച്ചതിനാണെന്ന് അവർ പറഞ്ഞു. ഞാൻ സുരക്ഷിതയാണ്. പക്ഷേ, പഞ്ചാബിൽ വർദ്ധിച്ചുവരുന്ന തീവ്രവാദം എങ്ങനെ കൈകാര്യം ചെയ്യും എന്നതാണ് എന്‍റെ ആശങ്ക...’ -എന്നിങ്ങനെയായിരുന്നു കങ്കണയുടെ വാക്കുകൾ.

കങ്കണയുടെ ‘പഞ്ചാബിലെ തീവ്രവാദം...’ പരാമർശം വിവാദമായിട്ടുണ്ട്. കർഷകർക്കും പഞ്ചാബി സമൂഹത്തിനും എതിരെ കങ്കണ നേരത്തെയും സംസാരിച്ചിരുന്നു എന്ന് കുറ്റപ്പെടുത്തി മസ്ദൂർ മോർച്ച (കെ.എം.എം) കോർഡിനേറ്ററും മുതിർന്ന നേതാവുമായ സർവാൻ പന്ദർ ശംഭു രംഗത്തെത്തി. വിമാനത്താവളത്തിലെ സംഭവം യാദൃശ്ചികമാണ്, ആസൂത്രിതമായ ഗൂഢാലോചനയല്ല. സി.ഐ.എസ്.എഫ് ജവാനോട് കങ്കണ മോശമായി പെരുമാറിയെന്നും റിപ്പോർട്ടുണ്ടെന്നും സത്യം പുറത്തുകൊണ്ടുവരാൻ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തല്ലു കിട്ടിയ സംഭവം സർക്കാറിന്‍റെ ശ്രദ്ധയിൽപെട്ടു, എന്നാൽ, കർഷക പ്രക്ഷോഭത്തിനു നേർക്ക് വെടിവെപ്പും കണ്ണീർവാതകം പ്രയോഗിച്ചതും ശുഭ് കരൺ സിങ്ങിനെ കൊലപ്പെടുത്തിയതൊന്നും സർക്കാർ ഇതുവരെ കണ്ടില്ല. കുറച്ചുകാലമായി കങ്കണ പഞ്ചാബിനെയും പഞ്ചാബികളെയും അപകീർത്തിപ്പെടുത്തുകയാണ് -എന്നാണ് കെ.എം.എം അംഗവും ബി.കെ.യു (ഷഹീദ് ഭഗത് സിങ് നഗർ) വക്താവുമായ തേജ്‌വീർ സിങ് അംബാല പറഞ്ഞു.

Tags:    
News Summary - After Slapping Incident Kangana's Statement on Extremism in Punjab Sparks Controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.