അഗർത്തല: ത്രിപുര സംഘർഷം റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ രണ്ട് വനിതാ മാധ്യമപ്രവർത്തകരും രാഷ്ട്രീയ പാർട്ടി ഏജൻറുമാരാണെന്ന ആരോപണവുമായി ത്രിപുര വിവരവിനിമയ, സാംസ്കാരിക മന്ത്രി സുശാന്ത ചൗധരി.
സർക്കാറിനെതിരെ ഒരു വിഭാഗം ജനങ്ങളെ തിരിച്ചുവിടുകയായിരുന്നു ഇവരുടെ ലക്ഷ്യം. സംസ്ഥാനത്ത് വർഗീയസംഘർഷത്തിന് സമാന സാഹചര്യം സൃഷ്ടിക്കാനാണ് ശ്രമിച്ചത്. അവർ മാധ്യമപ്രവർത്തകരാണോയെന്ന് തനിക്ക് സംശയമുണ്ടെന്നും മന്ത്രി സിവിൽ സെക്രട്ടേറിയറ്റിൽ മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് ചോദ്യംചെയ്യലിൽ തെറ്റായ വിവരങ്ങൾ നൽകിയ ഇരുവരും അറിയിക്കാതെ ത്രിപുര വിടുകയാണുണ്ടായത്. ത്രിപുരയിലുണ്ടെന്ന ധാരണപരത്തി സംഭവസ്ഥലം സന്ദർശിക്കും മുമ്പ് സംസ്ഥാനത്തിന് പുറത്തുനിന്ന് വ്യാജ വീഡിയോകളും ചിത്രങ്ങളും പോസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിൽ അമരാവതിയിൽ നടന്ന സംഘർഷങ്ങൾക്ക് കാരണം നടക്കാത്ത സംഭവങ്ങളെക്കുറിച്ചുള്ള ഇവരുടെ പോസ്റ്റുകളായിരുന്നുവെന്നും കുറ്റപ്പെടുത്തി.
ത്രിപുരയിലെ വർഗീയ സംഘർഷം റിപ്പോർട്ട് ചെയ്യാനെത്തിയ സമൃദ്ധി ശകുനിയ, സ്വർണ ഝാ എന്നിവരെ അസം-ത്രിപുര അതിർത്തിയിൽനിന്ന് ഞായറാഴ്ച അസം പൊലീസ് കസ്റ്റഡിയിലെടുക്കുകയും തിങ്കളാഴ്ച ത്രിപുരയിലെത്തിച്ച് അറസ്റ്റ് ചെയ്യുകയുമായിരുന്നു. സമൂഹമാധ്യമങ്ങളിൽ വ്യാജവാർത്തകൾ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ചായിരുന്നു നടപടി. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും പിന്നീട് ജാമ്യത്തിൽവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.