അഗ്നിപഥ് പ്രതിഷേധം: തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട ട്രെയിനിന് നേരെയും ആക്രമണം

ഗ്വാളിയോർ: കേന്ദ്രസർക്കാറിന്റെ ഹ്രസ്വകാല സൈനിക റിക്രൂട്ട്മെന്റ് പദ്ധതിയായ അഗ്നിപഥിനെതിരെ ആരംഭിച്ച രാജ്യവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി ഉത്തരേന്ത്യയിൽ ട്രെയിനുകൾക്ക് നേരെ വ്യാപക ആക്രമണം. തിരുവനന്തപുരത്തുനിന്ന് ചൊവ്വാഴ്ച ഉച്ചക്ക് പുറപ്പെട്ട 12643 നിസാമുദ്ദീന്‍ എക്സ്പ്രസിന് നേരെ ഗ്വാളിയോര്‍ സ്റ്റേഷനില്‍ ആക്രമണമുണ്ടായി. എ.സി കമ്പാര്‍ട്ടുമെന്‍റുകളിലെ ഗ്ലാസുകള്‍ പ്രതിഷേധക്കാര്‍ അടിച്ചു തകര്‍ത്തു. ട്രെയിനില്‍ നിരവധി മലയാളികളാണ് ഉണ്ടായിരുന്നത്. ഇരുമ്പ് വടികളും മറ്റുമായി കൂട്ടത്തോടെയെത്തിയവർ ആക്രമിക്കുകയായിരുന്നെന്നും നിരവധി പേർക്ക് പരിക്കേറ്റതായും യാത്രക്കാര്‍ അറിയിച്ചു.

അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അക്രമാസക്തമായ പ്രതിഷേധം തുടരുകയാണ്. ബിഹാറിലെ നവാഡയിൽ ബി.ജെ.പി ഓഫിസും പാർട്ടി എം.എൽ.എ അരുണാ ദേവിയുടെ കാറും പ്രതിഷേധക്കാർ തകർത്തു. എം.എൽ.എ അടക്കമുള്ളവർക്ക് പരിക്കേറ്റിട്ടുണ്ട്. പട്‌ന-രാജധാനി എക്‌സ്പ്രസ് പ്രതിഷേധക്കാർ തടഞ്ഞുവെച്ചു. പട്‌നയിൽ 10 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. 'ഇന്ത്യൻ ആർമി ലവേഴ്‌സ്' എന്ന ബാനറിൽ സംഘടിച്ചെത്തിയവർ ബാബ്ഹുവാ റെയിൽവേ സ്‌റ്റേഷനിൽ ഇൻറർസിറ്റി എക്‌സ്പ്രസിന്റെ ഒരു കോച്ചിന് തീയിട്ടു.

ജയ്പൂരിൽ അജ്മീർ-ഡൽഹി ദേശീയപാത ഉപരോധിച്ചു. ആഗ്രയിലും ജോധ്പൂരിലും പ്രതിഷേധക്കാർക്കെതിരെ പൊലീസ് ലാത്തിവീശി. ഡൽഹി നംഗ്ലോയി സ്റ്റേഷനിൽ റെയിൽ പാളത്തിൽ പ്രതിഷേധം അരങ്ങേറി. ഹരിയാനയിലും പ്രതിഷേധം രൂക്ഷമായിരിക്കുകയാണ്. പ്രതിഷേധത്തെ തുടർന്ന് 22 ട്രെയിനുകൾ റദ്ദാക്കിയതായും അഞ്ചു ട്രെയിനുകൾ യാത്ര ഇടക്കു വെച്ച് നിർത്തിയതായും ഈസ്റ്റ് സെൻട്രൽ റെയിൽവേ അറിയിച്ചു.

അതേസമയം, പദ്ധതിയിൽനിന്ന് പിന്നോട്ടില്ലെന്നാണ് കേന്ദ്രസർക്കാറിന്റെ വിശദീകരണം. പല രാജ്യങ്ങളും സമാനമായ നിയമനം സൈന്യത്തിൽ നടത്തുന്നുണ്ടെന്നും രണ്ട് വർഷത്തോളം നീണ്ട കൂടിയാലോചനകൾക്ക് ശേഷമാണ് ഈ തീരുമാനമെടുത്തതെന്നും കേന്ദ്രം പറയുന്നു. സേനയിൽ നിശ്ചിത കാലം തൊഴിൽ പരിശീലനം ലഭിക്കുന്ന യുവാക്കൾക്ക് കൂടുതൽ തൊഴിൽ സാധ്യതകൾ തുറന്നുകിട്ടുമെന്നും കേന്ദ്രസർക്കാർ വിശദീകരിക്കുന്നു.

അഗ്നിപഥ് പദ്ധതി പ്രകാരം നാലുവർഷം സേവനം ചെയ്തവരിൽ 25 ശതമാനം പേർക്ക് മാത്രമാണ് തുടർന്നും പ്രവർത്തിക്കാനാകുക. അല്ലാത്തവർക്ക് ജോലി നഷ്ടപ്പെടുന്നതിനൊപ്പം പെൻഷനോ മറ്റു ആനൂകൂല്യങ്ങളോ ഉണ്ടാകില്ല. ഈ സാഹചര്യത്തിലാണ് രാജ്യവ്യാപക പ്രതിഷേധം നടക്കുന്നത്. ഹ്രസ്വകാല നിയമനങ്ങൾ സേനകളുടെ മികവിനെ ബാധിക്കുമെന്ന് വിരമിച്ച ഉന്നത സൈനികർ അഭിപ്രായപ്പെട്ടിരുന്നു.

Tags:    
News Summary - Agneepath project: Attack on a train leaving Thiruvananthapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.