ന്യൂഡല്‍ഹി: ഹ്രസ്വകാല സൈനിക റിക്രൂട്ട്മെനറ് പദ്ധതിയായ അഗ്നിപഥുമായി മുന്നോട്ടുപോകാനുള്ള സർക്കാർ നീക്കത്തെ തുടർന്ന് ഉദ്യോഗാർഥികൾ ഇന്ന് ഭാരത് ബന്ദ് ആചരിക്കുന്നു. ബിഹാർ, ഉത്തർപ്രദേശ്, ഹരിയാന തുടങ്ങി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ ബന്ദ് ബാധിച്ചേക്കും. ബന്ദിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരുകൾ പൊലീസിന് ജാഗ്രതാ നിർദേശം നൽകി.
ഔദ്യോഗികമായി ആരും ഭാരത് ബന്ദിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല. എന്നാൽ ഹരിയാനയിലും ഉത്തർപ്രദേശിലും പ്രതിഷേധം കൂടുതൽ ശക്തമാകുന്നതിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരുകൾ അതീവ ജാഗ്രതയിലാണ്. ബിഹാറിൽ 15 ജില്ലകളിൽ ഏർപ്പെടുത്തിയ ഇന്‍റർനെറ്റ് വിലക്ക് 20 ജില്ലകളിലേക്ക് നീട്ടിയിട്ടുണ്ട്. 350 ട്രെയിനുകൾ റദ്ദാക്കി.
ഈ മാസം 16 മുതൽ 18 വരെ നടന്ന അക്രമ സംഭവങ്ങളിൽ 145 എഫ്ഐആറുകൾ പ്രകാരം 804 ആളുകൾക്ക് എതിരെയാണ് ബിഹാർ പൊലീസ് ഇതുവരെ കേസ് എടുത്തിട്ടുള്ളത്.
ഭാരത് ബന്ദിന്‍റെ പശ്ചാത്തലത്തിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ വിവിധ ഇടങ്ങളിൽ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. അക്രമസംഭവങ്ങളുണ്ടായാൽ ശക്തമായി നേരിടുമെന്ന് കേരള പൊലീസ് അറിയിച്ചിട്ടുണ്ട്. ഝാർഖണ്ഡിൽ സ്കൂളുകൾക്ക് അവധി നൽകി. 9, 11 ക്ലാസുകളുടെ പരീക്ഷകളും മാറ്റിവെച്ചു. ഡൽഹി ഗൗതം ബുദ്ധ് നഗറിൽ കൂട്ടം ചേരുന്നത് തടഞ്ഞുകൊണ്ട് ഉത്തരവിറക്കി. അതേസമയം, അഗ്നിപഥിനെതിരെ സമാധാനപരമായ പ്രതിഷേധ സമരം നയിക്കുമെന്ന് കോൺഗ്രസ് അറിയിച്ചു.
സെക്കന്തരാബാദിൽ പ്രതിഷേധത്തിനിടെ ട്രെയിൻ കത്തിച്ച സംഭവത്തിന് പിന്നാലെ സമൂഹ മാധ്യമങ്ങളിലെ നിരീക്ഷണം കേന്ദ്ര സർക്കാർ കടുപ്പിച്ചിട്ടുണ്ട്. അഗ്നിപഥിനെതിരെ വ്യാജ പ്രചരണം നടത്തിയ 35 വാട്സ്ആപ്പ് ഗ്രൂപ്പുകൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇടപെട്ട് പൂട്ടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.