ന്യൂഡൽഹി: വിവിധ ആവശ്യങ്ങളുന്നയിച്ച് കർഷക സംഘടനകൾ ചൊവ്വാഴ്ച ഡൽഹിയിലേക്ക് നടത്താൻ നിശ്ചയിച്ച സമരത്തെ നേരിടാൻ സർവസന്നാഹവുമായി പൊലീസ്. വലിയ ക്രെയിനുകളും കണ്ടെയ്നറുകളും വിവിധ റോഡുകളിൽ സജ്ജമാക്കി. അംബാലയിൽ ഹരിയാന പൊലീസും പ്രാദേശിക ഭരണകൂടവും ചേർന്ന് റോഡുകളിൽ കോൺക്രീറ്റ് ബാരിക്കേഡുകളും മുള്ളാണികളും സ്ഥാപിച്ചു. ബാരിക്കേഡുകളിൽ മുള്ളുവേലി ചുറ്റി. തിങ്കളാഴ്ച രാവിലെ ആറു മുതൽ 13ന് രാത്രി 12 വരെ ഏഴ് ജില്ലകളിൽ ഹരിയാന സർക്കാർ ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
ട്രാക്ടറുകൾക്ക് പരമാവധി 10 ലിറ്റർ ഇന്ധനം മാത്രമേ നൽകാവൂവെന്ന് പമ്പുകൾക്ക് നിർദേശമുണ്ട്. പല ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഡൽഹി പൊലീസ് കർഷകരെ നേരിടുന്നതിനായി പ്രത്യേക ഡ്രിൽ നടത്തി. സംസ്ഥാന അതിർത്തിപ്രദേശങ്ങളിൽ ഡൽഹി പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. തിക്രി, സിംഗു, ഗാസിപ്പുർ, ബദർപ്പുർ എന്നിവിടങ്ങളിൽ വൻ പൊലീസ് സന്നാഹവും അർധസൈനിക വിഭാഗവും ക്യാമ്പ് ചെയ്യുന്നുണ്ട്.
വിളകൾക്ക് മിനിമം താങ്ങുവില (എം.എസ്.പി) ഉറപ്പാക്കാൻ നിയമം കൊണ്ടുവരുന്നതുൾപ്പെടെ ആവശ്യങ്ങൾ ഉന്നയിച്ചാണ് സംയുക്ത കിസാൻ മോർച്ചയുടെയും കിസാൻ മസ്ദൂർ മോർച്ചയുടെയും നേതൃത്വത്തിൽ 200ലധികം കർഷക സംഘടനകൾ ചൊവ്വാഴ്ച ‘ഡൽഹി ചലോ’ മാർച്ച് നടത്തുന്നത്.
അവസാന നിമിഷം അനുനയനീക്കവുമായി എത്തിയ കേന്ദ്രസർക്കാർ ഇന്ന് കർഷകരെ ചർച്ചക്കു വിളിച്ചിട്ടുണ്ട്. തിങ്കളാഴ്ച ചണ്ഡിഗഢിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷനിൽ വൈകീട്ട് അഞ്ചിന് നടക്കുന്ന യോഗത്തിൽ കൃഷിമന്ത്രി അർജുൻ മുണ്ട, ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി പിയൂഷ് ഗോയൽ, ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് എന്നിവർ പങ്കെടുക്കും.
ഇന്നത്തെ ചർച്ച പരാജയപ്പെട്ടാൽ പഞ്ചാബിൽനിന്ന് ഡൽഹിയിലേക്ക് 2000ത്തിലധികം ട്രാക്ടറുകളുമായി നീങ്ങും. യു.പിയിൽനിന്ന് 500ലധികം ട്രാക്ടറുകളും രാജസ്ഥാനിൽനിന്ന് 200ഓളം ട്രാക്ടറുകളും മാർച്ചിൽ പങ്കെടുക്കും. 2020ൽ ചെയ്തതുപോലെ എല്ലാ ബാരിക്കേഡുകളും തകർത്ത് മുന്നേറുമെന്നാണ് കർഷകരുടെ പ്രഖ്യാപനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.