ഗുജറാത്ത്: നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ബാക്കി നിൽക്കെ ഗുജറാത്തിൽ ഏഴ് നേതാക്കളെ പുറത്താക്കി ബി.ജെ.പി. ആറുപേർ പാർട്ടി ടിക്കറ്റ് നിഷേധിച്ചതിനെ തുടർന്ന് സ്വതന്ത്രരായി നാമനിർദേശ പത്രിക നൽകുകയും ഒരാൾ കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കാനൊരുങ്ങുകയും ചെയ്തതോടെയാണ് നടപടി.
എല്ലാവരും ഡിസംബർ ഒന്നിനാണ് മത്സരിക്കുന്നത്. അവരിൽ ഹർഷാദ് വാസവയും അരവിന്ദ് ലദാനിയും ബി.ജെ.പി യുടെ മുൻ എം.എൽ.എമാരാണ്. ഇവർ നന്ദോട്, കെശോദ് എന്നിവിടങ്ങളിലാണ് സ്വതന്ത്രരായി മത്സരിക്കുന്നത്. സസ്‍പെൻഡ് ചെയ്യപ്പെട്ട നേതാക്കളിൽ ഒരാളായ ഛത്രസിൻഹ് ഗുഞ്ചരിയ സുരേന്ദർ നഗർ ജില്ലാ പഞ്ചായത്തിലെ തെരഞ്ഞെടുത്ത പ്രതിനിധിയാണ്. ഇദ്ദേഹമാണ് ധർഗാദ്രയിൽ നിന്ന് കോൺഗ്രസിന് വേണ്ടി മത്സരിക്കുന്നത്.
വൽസാദ് ജില്ലയിലെ പർദി സീറ്റിൽ നിന്ന് മത്സരിക്കുന്ന കേതൻ പട്ടേൽ, രാജ്കോട്ട് റൂറൽ സീറ്റിൽ നിന്ന് ഭരത് ചവ്ദ, വെറവലിൽ നിന്ന് ഉദയ് ഷാ, രജുലയിൽ നിന്ന് മത്സരിക്കുന്ന കരൺ ബരയ്യ എന്നിവരെയാണ് പാർട്ടി സസ്‍പെൻഡ് ചെയ്തത്.
ഡിസംബർ ഒന്ന്, അഞ്ച് ദിവസങ്ങളിലായാണ് ഗുജറാത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ 27വർഷമായി ബി.ജെ.പിയാണ് ഗുജറാത്തിൽ ഭരണത്തിലുള്ളത്. ഇത്തവണ കോൺഗ്രസും എ.എ.പിയും മത്സരത്തിനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.