ഭോപ്പാൽ: രാമനവമി, ഹനുമാൻ ജയന്തി ദിനങ്ങളിൽ പ്രത്യേക പരിപാടികളും പ്രാർത്ഥനകളും സംഘടിപ്പിക്കാൻ മധ്യപ്രദേശിലെ കോൺഗ്രസ് സംസ്ഥാനത്തുടനീളമുള്ള യൂനിറ്റുകളോട് ആവശ്യപ്പെട്ടു. ചിത്രകൂട്, ഓർച്ച തുടങ്ങിയ ആരാധനാലയങ്ങളിൽ പ്രത്യേക പരിപാടികളോടെയാണ് ഭരണകക്ഷിയായ ബി.ജെ.പി രാമനവമി ആഘോഷിക്കുന്നത്. സംസ്ഥാനത്തെ എല്ലാ രാമക്ഷേത്രങ്ങളിലും മൺവിളക്ക് തെളിക്കും.
അതേസമയം, രാമനവമി ദിനത്തിൽ രാമകഥ പാരായണം, രാമലീല അവതരിപ്പിക്കൽ തുടങ്ങിയ പരിപാടികൾ നടത്തണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് എല്ലാ ബ്ലോക്ക് തല യൂനിറ്റുകളിലേക്കും സന്ദേശങ്ങൾ അയച്ചു. ഹനുമാൻ ജയന്തി ദിനത്തിൽ സുന്ദര കാണ്ഡത്തിന്റെയും ഹനുമാൻ ചാലിസയുടെയും വായനകൾ ഉണ്ടായിരിക്കണമെന്ന് നിർദേശിച്ച് സംഘടനയുടെ ചുമതലയുള്ള വൈസ് പ്രസിഡന്റ് ചന്ദ്രപ്രഭാഷ് ശേഖർ എല്ലാ യൂനിറ്റുകൾക്കും കത്ത് അയച്ചതായി എൻ.ഡി ടി.വി റിപ്പോർട്ട് ചെയ്തു.
മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ കമൽനാഥ് രാമനവമി സന്ദേശവും ഹനുമാൻ ജയന്തി ദിനത്തിൽ ചിന്ദ്വാരയിൽ മതചടങ്ങുളകും നടത്തും.
രാമനെ ഒരു സാങ്കൽപ്പിക കഥാപാത്രമെന്നാണ് കോൺഗ്രസ് നേതാക്കൾ വിശേഷിപ്പിച്ചതെന്ന് ആരോപിച്ച് ഭരണകക്ഷിയായ ബി.ജെ.പി ഈ നടപടിയെ കാപട്യമാണെന്ന് പരിഹസിച്ചു. അടുത്ത വർഷമാണ് സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ്.
കോൺഗ്രസിന്റെ കർമപദ്ധതിയെ ചില നേതാക്കളും എതിർത്തിട്ടുണ്ട്. ഭോപ്പാൽ എം.എൽ.എ ആരിഫ് മസൂദ് കത്തെ ഇതിനെ ചോദ്യം ചെയ്ത് രംഗത്തെത്തി. "ഏത് സമുദായത്തിന്റെയും ഉത്സവങ്ങൾ ആഘോഷിക്കാൻ ഞങ്ങളുടെ പാർട്ടിയുടെ എല്ലാ യൂനിറ്റുകൾക്കും നിർദ്ദേശങ്ങൾ നൽകുന്ന ഈ പുതിയ പാരമ്പര്യം ആരംഭിക്കേണ്ടതിന്റെ ആവശ്യകത എന്താണ്?. റംസാൻ ആഘോഷിക്കുന്നതിന് സമാനമായ കത്തുകൾ നൽകാത്തത് എന്തുകൊണ്ട്?. ദുഃഖവെള്ളിയാഴ്ചയും ഈസ്റ്ററും ആചരിക്കുന്നുണ്ടോ?" -അദ്ദേഹം നേതൃത്വത്തോട് ചോദിച്ചു.
ഇത്തരം കത്തുകൾ നൽകുന്നതിലൂടെ കോൺഗ്രസ് ഭരണകക്ഷിയായ ബി.ജെ.പിക്ക് വെടിമരുന്ന് നൽകുകയാണെന്നും അദ്ദേഹം പറഞ്ഞു. "ഒരു സമുദായത്തിന്റെ ഉത്സവങ്ങൾ ആഘോഷിക്കാനുള്ള ചായ്‌വുള്ള ഇത്തരം സംഭവവികാസങ്ങൾ ന്യൂനപക്ഷങ്ങളെ വേദനിപ്പിക്കും" -അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസ് നേതാക്കൾ ക്ഷേത്രത്തിൽ പോകുന്നു. കോൺഗ്രസ് നേതാക്കൾ സംഘടിക്കുന്നത് മസൂദിന് ദഹിക്കുന്നില്ലെന്നാണ് മുതിർന്ന ബി.ജെ.പി നേതാവും ആഭ്യന്തര മന്ത്രിയുമായ ഡോ. നരോത്തം മിശ്ര പരിഹസിച്ചത്. മൃദു ഹിന്ദുത്വ കാര്യങ്ങൾ പിന്തുടരുന്നതിന് മധ്യപ്രദേശ് കോൺഗ്രസ് വളരെയധികം വിമർശിക്കപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.