അഹമ്മദാബാദ്: ഗുജറാത്തിലെ നിര്‍ണായകമായ രാജ്യസഭാ തെരഞ്ഞെടുപ്പ് ആരംഭിച്ചു. മൂന്ന് സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ബി.ജെ.പി ദേശിയ അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രി സ്മൃതി ഇറാനി, ബിജെപിയിലേക്ക് കൂറുമാറിയ മുന്‍ കോണ്‍ഗ്രസ് നേതാവ് ബല്‍വന്ത്‌സിങ് രാജ്പുത്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേല്‍ എന്നിവരാണ് ഗുജറാത്ത് നിയമസഭയില്‍ നിന്നും രാജ്യസഭയിലേക്ക് വോട്ടു തേടുന്നത്. രണ്ടെണ്ണത്തില്‍ ബി.ജെ.പി ദേശിയ അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രി സ്മൃതി ഇറാനി എന്നിവർ വിജയം ഉറപ്പിച്ചിട്ടുണ്ട്.
സോണിയാ ഗാന്ധിയുടെ രാഷ്ട്രീയ കാര്യ സെക്രട്ടറി അഹമ്മദ് പട്ടേലാണ് കോണ്‍ഗ്രസിനായി മത്സരിക്കുന്നത്. കോണ്‍ഗ്രസിന് സാധ്യതയുള്ള സീറ്റില്‍ എം.എൽ.എമാരെ കൂറുമാറാതെ പിടിച്ചു നിര്‍ത്താനുള്ള ശ്രമത്തിലാണ് നേതൃത്വം. നിലവിലെ സാഹചര്യത്തില്‍ അനായാസ വിജയത്തിനുള്ള പ്രാതിനിധ്യം കോണ്‍ഗ്രസിന് നിയമസഭയിലുണ്ടെങ്കിലും കൂറുമാറ്റ ഭീഷണിയാണ് അലോസരപ്പെടുത്തുന്നത്.
കൂറുമാറ്റ ഭീഷണിയെ തുടര്‍ന്ന് ബംഗളൂരുവില്‍ റിസോര്‍ട്ടില്‍ താമസിപ്പിച്ചിരുന്ന 44 എം.എൽ.എമാരെ കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് അഹമ്മദാബാദില്‍ എത്തിച്ചിരുന്നത്. ബംഗളൂരുവില്‍നിന്ന് തിരിച്ചെത്തിച്ച സ്വന്തം എം.എല്‍.എ.മാരെ ആനന്ദിലെ റിസോര്‍ട്ടില്‍ പാര്‍പ്പിച്ചിരിക്കുന്ന ഇവരെ വോട്ടിങ്ങിനായി ഗാന്ധിനഗറിലേക്ക് കൊണ്ടുപോയി.
പട്ടേലിന് ജയിക്കാൻ 45 വോട്ട് വേണം. കോൺഗ്രസ് എം.എൽ.എമാർക്ക് പുറമെ എൻ.സി.പിയുടെ രണ്ടംഗങ്ങളും ഏക ജനതാദൾ അംഗവും പട്ടേലിന് പിന്തുണക്കുമെന്നാണ് കരുതുന്നത്. എന്നാൽ, എൻ.സി.പിയുടെ ഒരംഗം ബി.ജെ.പിക്ക് വോട്ട് ചെയ്യുമെന്ന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതേസമയം, പാർട്ടി എം.എൽ.എമാർ കോൺഗ്രസിന് വോട്ട് ചെയ്യണമെന്നാണ് എൻ.സി.പി അധ്യക്ഷൻ ശരത് പവാർ നൽകിയ വിപ്പ്.
അതേസമയം, വിജയിക്കാന്‍ ആവശ്യമായ എം.എൽ.എമാരുടെ പിന്തുണ തനിക്ക് ഉണ്ടെന്നാണ് അഹമ്മദ് പട്ടേലിന്‍റെ അവകാശവാദം. അതിനിടെ പട്ടേലിന്‍റെ പരാജയം ഉറപ്പാക്കാന്‍ അമിത് ഷാ അഹമ്മദാബാദില്‍ ക്യാമ്പ് ചെയ്ത് നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുകയാണ്. ഇതിനിടെ എൻ.സിപിയുടെ രണ്ട് എം.എൽ.എമാരോട് ബി.ജെ.പിക്ക് വോട്ട് ചെയ്യാന്‍ മുതിര്‍ന്ന നേതാവ് പ്രഫുല്‍ പട്ടേല്‍ നിര്‍ദേശം നല്‍കിയത് കോൺഗ്രസ് നേതൃത്വത്തെ അങ്കലാപ്പിലാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.