മുംബൈ: ബ്രിട്ടനിൽനിന്ന് 239 ഇന്ത്യക്കാരുമായി എയർ ഇന്ത്യ വിമാനം മുംബൈ വിമാനത്താവളത്തിലിറങ്ങി. ലണ്ടനിൽ നിന്ന് പുറപ്പെട്ട വിമാനം ഞായറാഴ്ച പുലർച്ചെ 1.30ഒാടെയാണ് മുംബൈയിലെത്തിയത്. ഇതിനുപുറമെ, ഇന്ത്യക്കാരായ പ്രവാസികളെയും വഹിച്ച് സിംഗപ്പൂർ, മനില എന്നിവിടങ്ങളിൽനിന്ന് രണ്ട് വിമാനങ്ങൾകൂടി എത്തി. സിംഗപ്പൂരിൽനിന്ന് 243ഉം മനിലയിൽനിന്ന് 241ഉം പേരാണ് എത്തിയത്.
രോഗലക്ഷണമുള്ളവരെ െഎസൊലേഷൻ കേന്ദ്രങ്ങളിലേക്ക് മാറ്റുമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. പ്രകടമായ ലക്ഷണമില്ലാത്തവരെ ക്വാറൻറീൻ ചെയ്യുന്നതിന് ഹോട്ടലുകളിലേക്കും നഗരത്തിനു പുറത്തുള്ളവർക്ക് ജില്ല ആസ്ഥാനങ്ങളിലേക്കും വാഹന സൗകര്യവും ഏർപ്പെടുത്തിയിരുന്നു.
യു.എസിൽ കുടുങ്ങിയ ഇന്ത്യക്കാരെ കൊണ്ടുവരാൻ ഏഴു കമേഴ്സ്യൽ വിമാനങ്ങളും എയർ ഇന്ത്യ സർവിസ് നടത്തും. ന്യൂജെഴ്സിയിൽനിന്ന് മുംബൈക്കും അഹ്മദാബാദിലേക്കുമാണ് രണ്ടു സർവിസുകൾ. സാൻഫ്രാൻസിസ്കോയിൽനിന്നുള്ള ആദ്യ വിമാനം ശനിയാഴ്ച പുറപ്പെട്ടു. ന്യൂയോർക്ക്, ഷികാഗോ, വാഷിങ്ടൺ ഡി.സി എന്നിവിടങ്ങളിൽനിന്ന് വരുംദിനങ്ങളിൽ പ്രവാസികൾ എത്തും.
രോഗികളായ യാത്രക്കാർക്കാണ് മുൻഗണന. വന്നിറങ്ങുന്നവരെ 14 ദിവസത്തെ നിർബന്ധിത സമ്പർക്ക വിലക്കിന് വിധേയരാക്കും. ഇവരോട് ആരോഗ്യ സേതു ആപ് ഡൗൺലോഡ് ചെയ്യാനും രജിസ്റ്റർ ചെയ്യാനും നിർദേശമുണ്ട്. 12 രാജ്യങ്ങളിൽനിന്ന് 15,000ത്തോളം ഇന്ത്യക്കാരാണ് വരും ദിവസങ്ങളിൽ എത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.