24 മണിക്കൂറിനിടെ രണ്ടു കുടുംബാംഗങ്ങള്‍ ബി.ജെ.പിയില്‍; കുടുംബവാദം അവസാനിപ്പിച്ചതിന് നന്ദിയെന്ന് അഖിലേഷ്

ലഖ്‌നോ: ഉത്തര്‍ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കെ 24 മണിക്കൂറിനിടെ മുലായം സിങ് യാദവിന്റെ കുടുംബത്തില്‍നിന്ന് രണ്ടു പേരാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. മുലായമിന്റെ ഇളയ മരുമകള്‍ അപര്‍ണയും ഭാര്യാ സഹോദരന്‍ പ്രമോദ് ഗുപ്തയുമാണ് ബി.ജെ.പിയില്‍ ചേക്കേറിയത്. എന്നാല്‍, ഇതിന് നന്ദി പറഞ്ഞ് പരിഹാസവുമായി എത്തിയിരിക്കുകയാണ് അഖിലേഷ് യാദവ്.

കുടുംബാധിപത്യം പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് ബി.ജെ.പി ഞങ്ങളെ കുറ്റപ്പെടുത്തിയിരുന്നത്. കുടുംബവാദം അവസാനിപ്പിച്ച് തന്നതില്‍ സന്തോഷമുണ്ട്. അതിന് ഞാന്‍ അവരോട് നന്ദിയുള്ളവനാണ് -അഖിലേഷ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മുലയാമിന്റെ കുടുംബത്തിലെ ഇളയ മരുമകളായ അപര്‍ണ യാദവ് ഇന്നലെയാണ് ബി.ജെ.പി അംഗത്വം സ്വീകരിച്ചത്. സഹോദരന്റെ ഭാര്യ അപര്‍ണ യാദവിനെ സ്വീകരിച്ചതില്‍ നന്ദിയുണ്ടെന്നും, ഞങ്ങള്‍ക്ക് സീറ്റ് നല്‍കാന്‍ കഴിയാത്തവരെയെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ ബി.ജെ.പിക്ക് കഴിയുന്നുണ്ടെന്നും അഖിലേഷ് പരിഹസിച്ചിരുന്നു.

അപര്‍ണക്ക് പിന്നാലെയാണ് മുലായമിന്റെ ഭാര്യാ സഹോദരന്‍ പ്രമോദ് ഗുപ്തയും ബി.ജെ.പിയില്‍ ചേരുന്നതായി പ്രഖ്യാപിച്ചത്. മാഫിയകള്‍ക്കും ക്രിമിനലുകള്‍ക്കും അഭയം നല്‍കുന്ന ഇടമായി സമാജ് വാദി പാര്‍ട്ടി മാറിയെന്നായിരുന്നു പ്രമോദിന്റെ കുറ്റപ്പെടുത്തല്‍.

Tags:    
News Summary - Akhilesh Yadav Thanks BJP For Easing Family Pressure

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.