ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുണ്ടായ പ്രക്ഷോഭം ഇല്ലാതാക്കാൻ മുന്നറിയിപ്പില്ലാതെ ഹോസ്റ്റൽ അടച്ചതോടെ കുടുങ്ങിയ അലീഗഢ്, ജാമിഅ സർവകലാശാല മലയാളി വിദ്യാർഥികളെ ഡൽഹി കേരള ഹൗസിൽ എത്തിച്ചു. ഇ.ടി. മുഹമ്മദ് ബഷീർ എം.പിയുടേയും ഡൽഹി കെ.എം.സി.സിയുടേയും നേതൃത്വത്തിൽ കേരള സർക്കാറുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്ക് താമസവും മറ്റു സൗകര്യങ്ങളും ഒരുക്കി.
തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് അലീഗഢിൽനിന്നും വിദ്യാർഥികൾ ഡൽഹിയിലെത്തിയത്. ബുധനാഴ്ച മംഗള എക്സ്പ്രസിൽ നാട്ടിലേക്ക് പോകാൻ കഴിയുമെന്നാണ് വിദ്യാർഥികൾ കരുതുന്നത്. യാത്ര സൗകര്യം ഒരുക്കുന്നതിനുവേണ്ടി ട്രെയിനിൽ പ്രത്യേക കോച്ച് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇ.ടി. മുഹമ്മദ് ബഷീർ റെയിൽവേ ബോർഡ് ചെയർമാനുമായി കൂടിക്കാഴ്ച നടത്തി. അനുഭാവപൂർവം പരിഗണിക്കാമെന്ന് റെയിൽവേ ഉറപ്പുനൽകിയട്ടുണ്ടെന്നും എം.പി അറിയിച്ചു.
പെൺകുട്ടികളടക്കം 86 വിദ്യാർഥികളാണ് കേരളഹൗസിൽ എത്തിയത്. ഇതിൽ പെൺകുട്ടികൾക്ക് ട്രാവൻകൂർ ഹൗസിലും ആൺകുട്ടികൾക്ക് പുറത്ത് വിവിധ ഡോർമിറ്ററികളിലും താമസസൗകര്യം ഒരുക്കി. സി.പി.എം പോളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട് ചൊവ്വാഴ്ച കേരള ഹൗസിൽ വിദ്യാർഥികളുമായി കൂടിക്കാഴ്ച നടത്തി. ജനുവരി 15 വരേയാണ് ഇരു സർവകലാശാലകളും അടച്ചത്. തിരിച്ചെത്തിയാൽ തങ്ങൾക്കെതിരെ പൊലീസ് അതിക്രമത്തിന് കുട്ടുനിന്ന രജിസ്ട്രാർക്കെതിരെ സമരം ശക്തമാക്കുമെന്ന് അലീഗഢ് വിദ്യാർഥികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.