ബംഗളൂരു: ശാസ്ത്രരഹസ്യം തേടി ചന്ദ്രയാൻ- മൂന്നിലെ റോബോട്ടിക് വാഹനമായ പ്രഗ്യാൻ റോവർ സഞ്ചരിച്ചുതുടങ്ങി. പര്യവേക്ഷണത്തിൽ റോവർ കണ്ടെത്തുന്ന ഓരോ വിവരങ്ങളും ലാൻഡർ വഴി ചന്ദ്രയാൻ-രണ്ടിന്റെ ഓർബിറ്ററിലേക്കും അവിടെനിന്ന് ബംഗളൂരുവിലെ ഐ.എസ്.ആർ.ഒ ടെലിമെട്രി ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്വർക്കിലെ (ഇസ്ട്രാക്) മിഷൻ ഓപറേഷൻ കോംപ്ലക്സിലേക്കും (മോക്സ്) കൈമാറും.
പരീക്ഷണ ഉപകരണങ്ങൾ ഉണർന്നതായും എല്ലാ പ്രവർത്തനങ്ങളും പ്രതീക്ഷിച്ചപോലെ പുരോഗമിക്കുകയാണെന്നും ഐ.എസ്.ആർ.ഒ അറിയിച്ചു. ചന്ദ്രപ്രതലത്തിൽ ആറു ഡിഗ്രി ചരിഞ്ഞാണ് ലാൻഡർ നിൽക്കുന്നത്. ബുധനാഴ്ച വൈകീട്ട് 6.04ന് ലാൻഡർ മൊഡ്യൂളിന്റെ മൃദുയിറക്കത്തെത്തുടർന്ന് ഉയർന്ന പൊടിപടലങ്ങൾ അടങ്ങിയശേഷം രാത്രി 10ഓടെ ലാൻഡറിന്റെ വാതിൽ തുറന്ന് റോവർ റാംപിലേക്കെത്തിയെങ്കിലും മണിക്കൂറുകൾക്ക് ശേഷമാണ് ചന്ദ്രപ്രതലത്തിലേക്ക് ഇറങ്ങിയത്. ‘ചന്ദ്രനിൽ ഇന്ത്യ നടന്നു’ എന്ന കുറിപ്പോടെ വ്യാഴാഴ്ച രാവിലെ 8.31ന് എക്സിൽ ഐ.എസ്.ആർ.ഒ സ്ഥിരീകരണം നൽകി.
റോവറിന്റെ പിൻചക്രങ്ങളിൽ തയാറാക്കിയ അശോക സ്തംഭത്തിന്റെയും ഐ.എസ്.ആർ.ഒ ലോഗോയുടെയും രൂപം ബഹിരാകാശ മേഖലയിൽ ഇന്ത്യയുടെ എക്കാലത്തെയും മികച്ച നേട്ടത്തിന്റെ മുദ്രയായി ചന്ദ്രോപരിതലത്തിൽ പതിഞ്ഞു. ആറു ചക്രങ്ങളുള്ള, 26 കിലോ ഭാരമുള്ള റോവർ വ്യാഴാഴ്ച പകൽ സഞ്ചരിച്ചിരുന്നില്ല. സഞ്ചരിക്കാൻ ആവശ്യമായ ഊർജം സൗരോർജ പാനലുകൾ വഴി ശേഖരിച്ച ശേഷമാണ് പര്യവേക്ഷണത്തിനായി യാത്ര തുടങ്ങിയത്.
ലാൻഡറിൽനിന്ന് പുറത്തിറങ്ങാനും അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കാനുമായി വിക്ഷേപണത്തിനുമുമ്പ് ഒരുക്കിയ ഊർജമാണ് റോവറിലുണ്ടായിരുന്നത്. ലാൻഡറിന്റെയും റോവറിന്റെയും ദൗത്യ കാലാവധി ഒരു ചാന്ദ്രദിനം (14 ഭൗമദിനം) ആയതിനാൽ സൗരോർജ പാനലുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇവ ചന്ദ്രനിൽനിന്ന് സൂര്യവെളിച്ചം അകലുന്നതോടെ പ്രവർത്തന രഹിതമാവും. ഭൂമിയിൽ തിരിച്ചെത്തിക്കാനാവാത്ത ഈ പേടകങ്ങൾ ചന്ദ്രോപരിതലത്തിൽ കിടക്കും. എന്നാൽ, ചന്ദ്രനിൽ വീണ്ടും സൂര്യപ്രകാശം പതിയുന്ന അടുത്ത പകലിൽ ഇവ പ്രവർത്തനം പുനരാരംഭിക്കാനുള്ള സാധ്യതയും ഐ.എസ്.ആർ.ഒ തള്ളിക്കളയുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.