ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ചിന്മയാനന്ദക്കെതിരെ നിയമവിദ് യാർഥിനിയുടെ പിതാവ് നൽകിയ പീഡനക്കേസ് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) അന്വേഷിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. എൽഎൽ.എം കോഴ്സിന് തുടർപഠനം നടത്താൻ സൗകര്യമുള്ള മറ്റേതെങ്കിലും കോളജിലേക്ക് പെൺകുട്ടിയെ മാറ്റാനും യോഗി ആദിത്യനാഥ് സർക്കാറിനോട് കോടതി നിർദേശിച്ചു. യു.പിയിലെ ഷാജഹാൻപുരിൽ ചിന്മയാനന്ദയുടെ ആശ്രമത്തിനു കീഴിലുള്ള കോളജിലാണ് പെൺകുട്ടി നിലവിൽ പഠിക്കുന്നത്. ചിന്മയാനന്ദക്കെതിരെ ആരോപണം ഉന്നയിച്ചശേഷം കാണാതായ പെൺകുട്ടിയെ ആറു ദിവസത്തിനുശേഷം രാജസ്ഥാനിൽനിന്നു കണ്ടെത്തുകയുണ്ടായി.
സന്യാസസമൂഹത്തിലെ ഒരു മുതിർന്ന നേതാവ് ൈലംഗികമായി പീഡിപ്പിച്ചതായി സമൂഹമാധ്യമത്തിൽ വിഡിയോയിലൂടെ വെളിപ്പെടുത്തുകയായിരുന്നു. പെൺകുട്ടിയുടെ പിതാവ് പൊലീസിൽ നൽകിയ പീഡന പരാതിയിലൂടെയാണ് ചിന്മയാനന്ദയുടെ പേര് പുറത്തുവന്നത്. മകളെ കാണാതായതിനു പിന്നിൽ ഇയാളാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. പെൺകുട്ടിക്കും കുടുംബത്തിനും സംരക്ഷണം നൽകാൻ ഷാജഹാൻപുർ എസ്.എസ്.പിക്ക് സുപ്രീംകോടതി നിർദേശം നൽകി.
ഡൽഹി പൊലീസിൽനിന്ന് ഏറ്റുവാങ്ങി പെൺകുട്ടിയെ സ്വന്തം നാടായ ഷാജഹാൻപുരിൽ എത്തിക്കുന്നതുവരെയുള്ള യാത്രയിലും സംരക്ഷണം നൽകാൻ കോടതി ആവശ്യപ്പെട്ടു. അന്വേഷണം നിരീക്ഷിക്കണമെന്ന് അലഹബാദ് ഹൈകോടതിക്കും നിർദേശമുണ്ട്. ഇതിനായി ബെഞ്ച് രൂപവത്കരിക്കണം. ഒരു സംഘം അഭിഭാഷകർ ചീഫ് ജസ്റ്റിസിന് കത്തെഴുതിനെ തുടർന്നാണ് സുപ്രീംകോടതി ഈ വിഷയത്തിൽ ഇടപെട്ടത്.
തുടർന്ന് അന്വേഷണം ത്വരിതപ്പെടുത്തിയ പൊലീസ് പെൺകുട്ടിയെ മണിക്കൂറുകൾക്കകം കോടതി മുമ്പാകെ ഹാജരാക്കുകയായിരുന്നു. ആത്മരക്ഷാർഥം കോളജിലെ സഹപാഠികൾക്കൊപ്പം ഷാജഹാൻപുരിൽനിന്ന് കടന്നുകളഞ്ഞതാണെന്ന് പെൺകുട്ടി കോടതി മുമ്പാകെ ബോധിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.