അമൃത്സർ: പഞ്ചാബിൽ പുതിയ രാഷ്‌ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് കോൺഗ്രസ് വിട്ട മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്. കർഷക സമരത്തിന് പരിഹാരം കണ്ടെത്തിയാൽ അടുത്ത വർഷം നടക്കാൻ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ സഹകരിക്കാമെന്ന് അമരീന്ദർ ബി.ജെ.പിക്ക് വാഗ്ദാനം നൽകി.
കർഷക നിയമത്തിലെ ചില ഭാഗങ്ങൾ ഒഴിവാക്കുകയാണെങ്കിൽ ബി.ജെ.പിയുമായി ചേർന്ന് പ്രവർത്തിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് അമരീന്ദറിന്‍റെ മാധ്യമ ഉപദേഷ്ടാവ് രവീൺ തുക്റാൽ ട്വിറ്ററിലൂടെ വ്യക്തമാക്കി.
കോണ്‍ഗ്രസ് വിട്ട അമരീന്ദര്‍ ബി.ജെ.പിയില്‍ ചേരാനൊരുങ്ങുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പരന്നിരുന്നു. ഡൽഹിയിലെത്തിയ അമരീന്ദർ കേന്ദ്രമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതോടെയാണ് ക്യാപ്റ്റൻ ബി.ജെ.പി ക്യാമ്പിലേക്ക് പോകുകയാണെന്ന് അഭ്യൂഹങ്ങള്‍ ശക്തമായത്.
അടുത്ത വർഷം നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് അദ്ദേഹത്തെ ബി.ജെ.പി കേന്ദ്ര കൃഷി മന്ത്രിയാക്കിയേക്കും എന്നും അഭ്യൂഹങ്ങൾ ഉയർന്നിരുന്നു.
'പഞ്ചാബിന്‍റെ ഭാവിയുടെ യുദ്ധം തുടങ്ങിക്കഴിഞ്ഞു. അമരീന്ദർ സിങ്ങിന്‍റെ നേതൃത്വത്തിൽ പഞ്ചാബിന്‍റെയും ഇവിടുത്തെ ജനങ്ങളുടേയും താൽപര്യങ്ങൾ സംരക്ഷിക്കുന്ന രാഷ്‌ട്രീയ പാർട്ടി വൈകാതെ തന്നെ രൂപീകരിക്കും. ഒരു വർഷത്തിലധികമായി നിലനിൽപ്പിന് വേണ്ടി പോരാടുന്ന കർഷകരുടെ താൽപര്യങ്ങൾക്ക് വേണ്ടി പ്രവർത്തിക്കും' -രവീൺ തുക്റാൽ ട്വീറ്റ് ചെയ്തു.
തനിക്ക് 20 എം.എൽ.എമാരുടെ പിന്തുണയുണ്ടെന്നാണ് അമരീന്ദര്‍ അവകാശപ്പെടുന്നത്. അകാലി ദളിൽ നിന്ന് ഇടഞ്ഞു നിൽക്കുന്ന ധിൻസ, ബ്രഹ്മപുത്ര വിഭാഗങ്ങളെ കൂടി ഒപ്പം നിർത്തിയാകും പുതിയ പാർട്ടി രൂപീകരണം.
പഞ്ചാബ് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (പി.പി.സി.സി) അധ്യക്ഷൻ നവജോത് സിങ് സിദ്ദുവുമായി മാസങ്ങള്‍ നീണ്ട അസ്വാരസ്യങ്ങളെ തുടര്‍ന്നാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്‍റെ നിര്‍ദ്ദേശപ്രകാരം അമരീന്ദറിന് പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം രാജിെവക്കേണ്ടി വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.