ബംഗളൂരു: കഴുത്തറപ്പൻ കൂലി ചോദിച്ചത് നൽകാൻ വിസമ്മതിച്ചതിന് ആംബുലൻസ് ഡ്രൈവർ കോവിഡ് രോഗിയുടെ മൃതദേഹം ശ്മശാനത്തിന് മുന്നിൽ തള്ളിയതായി പരാതി. ബംഗളൂരു നഗര പ്രാന്തപ്രദേശത്താണ് സംഭവം. ശരത് ഗൗഡയെന്ന ആംബുലൻസ് ഡ്രൈവറെ അറസ്റ്റ് ചെയ്തതായി പൊലീസ് വെള്ളിയാഴ്ച അറിയിച്ചു.
'ജയനഗർ ഒമ്പതാം നമ്പർ ബ്ലോക്കിലെ ശ്രീജയദേവ ഇൻസ്റ്റിറ്റ്യൂട് ഓഫ് കാർഡിയോവാസ്കുലാർ സയൻസസ് ആൻഡ് റിസർചിൽ നിന്ന് ഹെബ്ബലിലുള്ള ചൈന ശാന്തി ധർമ ശ്മശാനത്തിലേക്കായിരുന്നു പോകേണ്ടിയിരുന്നത്. ശരത് ഗൗഡ രോഗിയുടെ കുടുംബത്തോട് 18000 രൂപയാണ് ആവശ്യപ്പെട്ടത്. 30 കിലോമീറ്ററിൽ താഴെ ദൂരമേ ഉള്ളു എന്നതിനാൽ വാടക 2000 രൂപയിൽ കൂടാൻ പാടില്ല' -ഡി.സി.പി സി.കെ. ബാബ പറഞ്ഞു.
'അത്തരം മനുഷ്യത്വരഹിതമായ പ്രവൃത്തികൾ അംഗീകരിക്കില്ല. മരണപ്പെട്ടയാളുടെ കുടുംബത്തിൽ നിന്ന് അമിത കൂലി ഈടാക്കാൻ ശ്രമിച്ചതും മൃതദേഹത്തോടൊപ്പം കൂടെയുണ്ടായിരുന്നവരെയും ശ്മശാനത്തിന് പുറത്ത് ഇറക്കിവിട്ടത് ഇയാളുടെ ഹൃദയശൂന്യമായ മനോഭാവം കാണിക്കുന്നു'-ബാബ പറഞ്ഞു.
മരിച്ചയാളുടെ ബന്ധു അമൃതഹല്ലി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ഇത്തരത്തിൽ അമിത വാടക നൽകേണ്ടതില്ലെന്നും ഇത്തരം സാഹചര്യങ്ങൾ നേരിടേണ്ടി വന്നാൽ പൊലീസിൽ റിപ്പോർട്ട് ചെയ്യണമെന്നും ബാബ പറഞ്ഞു.
ഇത്തരത്തിൽ നിരവധി പരാതികൾ ഉയർന്നതിെൻറ അടിസ്ഥാനത്തിൽ സർക്കാർ ആംബുലൻസ് വാടക പുതുക്കി നിശ്ചയിച്ചിരുന്നു. ഗതാഗത വകുപ്പിെൻറ ഉത്തരവ് പ്രകാരം ആംബുലൻസിന് 10 കിലോമീറ്ററിന് മിനിമം ചാർജായി 1500 രൂപ ഈടാക്കാം. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 12 രൂപ വെച്ചാണ് വാങ്ങേണ്ടത്. 200 രൂപയാണ് വെയ്റ്റിങ് ചാർജ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.