ന്യൂഡൽഹി: മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ പ്രസ്താവന നടത്തണമെന്ന പ്ലക്കാർഡ് ഉയർത്തി പ്രതിപക്ഷ മുന്നണിയായ ‘ഇൻഡ്യ’യുടെ എം.പിമാർ നടത്തുന്ന നടുത്തള സമരത്തിനിടയിൽ ചർച്ച കൂടാതെ രണ്ടു ബില്ലുകൾ പാസാക്കി സർക്കാർ. ജൈവ വൈവിധ്യ ബിൽ, അന്തർ സംസ്ഥാന സഹകരണ സംഘം ബിൽ എന്നിവയാണ് ബഹളത്തിനിടയിൽ പാസാക്കിയത്. പ്രതിപക്ഷ പാർട്ടികൾ വിവിധ വ്യവസ്ഥകളോട് നേരത്തെ വിയോജിപ്പ് പ്രകടിപ്പിച്ച ബില്ലിലാണ് ചർച്ചയില്ലാതെപോയത്.
ന്യൂഡൽഹി: മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ പ്രസ്താവന നടത്താൻ തയാറാകുന്നില്ല എന്ന ഒറ്റക്കാരണത്തിന്റെ പേരിൽ പാർലമെന്റ് സ്തംഭനം നീണ്ടുപോകുമ്പോൾ ചോദ്യമുയരുന്നു: പിടിവാശി സർക്കാറിനോ, പ്രതിപക്ഷത്തിനോ? ദേശീയതലത്തിലും അന്തർദേശീയ തലത്തിലും വലിയ ഉത്കണ്ഠ മണിപ്പൂരിനെക്കുറിച്ച് നിലനിൽക്കുമ്പോൾ പാർലമെന്റിനോട് സാഹചര്യങ്ങൾ വിശദീകരിക്കില്ലെന്ന നിലപാട് സ്വീകരിക്കുന്നതിന്റെ യുക്തി ചോദ്യം ചെയ്യപ്പെടുകയാണ്.
ജനാധിപത്യ കീഴ്വഴക്കം അനുസരിച്ച്, സുപ്രധാന വിഷയങ്ങളിൽ പാർലമെന്റിൽ പ്രധാനമന്ത്രി പ്രസ്താവന നടത്തുന്നത് സാധാരണമാണ്. എന്നാൽ, ആഭ്യന്തര-ക്രമസമാധാന വിഷയമായ മണിപ്പൂരിനെക്കുറിച്ച് ആഭ്യന്തര മന്ത്രി പാർലമെന്റിൽ വിശദീകരിച്ചാൽ മതിയെന്നാണ് സർക്കാർ നിലപാട്.
കോൺഗ്രസ് എം.പിമാരായ മനീഷ് തിവാരി, ഡോ. നസീർ ഹുസൈൻ എന്നിവർ സംയുക്ത പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്ന കാര്യങ്ങൾ ഇവയാണ്: നിർണായകവും പൊതുപ്രാധാന്യമുള്ളതുമായ വിഷയങ്ങളിൽ പാർലമെന്റിന്റെ ഇരുസഭകളിലും പ്രസ്താവന നടത്തുന്നത് പതിവുള്ള കീഴ്വഴക്കം മാത്രമാണ്. മണിപ്പൂരിനെക്കുറിച്ച് അങ്ങേയറ്റം ഉത്കണ്ഠ പരത്തുന്ന ചിത്രമാണ് ജനങ്ങൾക്കു മുന്നിലുള്ളത്. മേയ് മൂന്നിന് തുടങ്ങിയ കുഴപ്പങ്ങൾ കൂടുതൽ മോശമായി നിൽക്കുകയാണ്. നടുക്കുന്ന വിഡിയോ മുൻനിർത്തി മാധ്യമങ്ങളോട് പാർലമെന്റിനു പുറത്ത് ഏതാനും സെക്കൻഡ് സംസാരിച്ചതൊഴിച്ചാൽ, പ്രധാനമന്ത്രി മണിപ്പൂർ സാഹചര്യങ്ങളെക്കുറിച്ച് മൗനം പാലിക്കുകയാണ് ചെയ്തത്. പ്രധാനമന്ത്രിയുടെ പ്രസ്താവന പൊതുജനങ്ങളും എം.പിമാരും രാജ്യസഭ പ്രതിപക്ഷ നേതാവും ആവശ്യപ്പെടുന്നുണ്ടെങ്കിലും അത് അവഗണിക്കുകയാണ് ചെയ്യുന്നത്. പാർലമെന്റ് തുടങ്ങുന്നതിനു മുമ്പ് പുറത്തു പറഞ്ഞതുപോലും സഭകൾക്കുള്ളിൽ പ്രധാനമന്ത്രി പറഞ്ഞിട്ടില്ല. ഇത് പാർലമെന്റിനോടുള്ള അവഹേളനമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.