ന്യൂഡൽഹി: മഹാത്മാ ഗാന്ധിയെ ചതുർ ബനിയ എന്നുവിളിച്ച ബി.ജെ.പി അധ്യക്ഷൻ അമിത് ഷാക്കെതിരെയുള്ള പ്രതിഷേധം ശക്തമാകുന്നു. വെള്ളിയാഴ്ച ഛത്തീസ്ഗഢിൽ നടന്ന പരിപാടിക്കിടെയാണ് ഗാന്ധിയെ സൂത്രശാലിയായ ബനിയ എന്നർഥം വരുന്ന 'ചതുർ ബനിയ' എന്നു അമിത്ഷാ വിശേഷിപ്പിച്ചത്. ഗുജറാത്തിലെ ബനിയ (വൈശ്യ) സമുദായാംഗമായിരുന്നു ഗാന്ധിജി. വലിയ കുശാഗ്രബുദ്ധിക്കാരനായിരുന്ന ബനിയയുമായിരുന്ന ഗാന്ധിക്ക് ഭാവിയിൽ എന്തു സംഭവിക്കും എന്നതിനെക്കുറിച്ച് അറിയാമായിരുന്നു എന്നാണ് അമിത് ഷാ പറഞ്ഞത്. കോൺഗ്രസിന്‍റെ അവസ്ഥയെക്കുറിച്ച് അറിയാമായിരുന്നതുകൊണ്ടാണ് അത് പിരിച്ചുവിടാൻ അന്നു തന്നെ ഗാന്ധി നിർദേശിച്ചത് എന്നും അമിത്ഷാ ആരോപിച്ചു.
'കോൺഗ്രസ് ഒരിക്കലും ഒരു പാർട്ടിയായിരുന്നില്ല. സ്വാതന്ത്ര്യം നേടുക എന്ന് ആവശ്യത്തിനുവേണ്ടി രൂപീകരിച്ച ഒരു പ്രത്യേക സംഘടനയായിരുന്നു കോൺഗ്രസ്. ഇതേക്കുറിച്ച് ഗാന്ധിജിക്ക് ദീർഘവീക്ഷണമുണ്ടായിരുന്നു. വലിയ സൂത്രശാലിയായിരുന്ന ഗാന്ധിക്ക് ഭാവിയിൽ എന്തു സംഭവിക്കും എന്നതിനെക്കുറിച്ച് അറിയാമായിരുന്നു. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം കോൺഗ്രസ് ഛിന്നഭിന്നമായിപ്പോകുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു.' മൂന്ന് ദിവസങ്ങളായി ഛത്തീസ്ഗഡിൽ നടക്കുന്ന പ്രചരണ പരിപാടിക്കിടെയാണ് അദ്ദേഹം ഈ വിവാദ പരാമർശം നടത്തിയത്.
എന്നാൽ, രാഷ്ട്രപിതാവിനെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച ബി.ജെ.പി അധ്യക്ഷന്‍റെ പരാമർശം വിവാദത്തിന് തിരികൊളുത്തി. ഇത് കോൺഗ്രസിൽ വലിയ പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്. ഈ പരാമർശം അദ്ദേഹത്തിന്‍റെ സ്വഭാവത്തെത്തന്നെയാണ് കാണിക്കുന്നതെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല പറഞ്ഞു. ആർ.എസ്.എസിനും ബി.ജെ.പിക്കും ഗാന്ധിജിയോടുള്ള പരമ പുച്ഛത്തെയാണ് ഈ പ്രസ്താവന സൂചിപ്പിക്കുന്നതെന്ന് ദ്വിഗ്വിജയ് സിങ് ആരോപിച്ചു.
ബി.ജെ.പിക്കോ ആർ.എസ്.എസിനോ സ്വാതന്ത്ര്യസമരത്തിൽ യാതൊരു പങ്കുമില്ല. ബ്രിട്ടീഷ് ഭരണത്തിൽ അവർ സന്തുഷ്ടരായിരുന്നു. രാജ്യത്തിന് വേണ്ടി ഇവർ ഒരു ത്യാഗവും ചെയ്തിട്ടില്ല. കോൺഗ്രസ് നേതാവ് സഞ്ജയ് ഝാ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.