ന്യൂഡൽഹി: ഉയർന്ന മൂല്യമുള്ള നോട്ടുകൾ പിൻവലിച്ചതിനു പിന്നാലെ ആദ്യ അഞ്ചു ദിവസംകൊണ്ട് ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ ഡയറക്ടറായ ബാങ്കിൽ 745 കോടി രൂപയുടെ നിക്ഷേപം എങ്ങനെയെത്തി എന്നതിൽ ദുരൂഹത തുടരുന്നു. നോട്ട് അസാധുവിനെ തുടർന്ന് രാജ്യത്ത് ഏറ്റവുമധികം നിക്ഷേപമെത്തിയ ജില്ല സഹകരണ ബാങ്കുകളിലൊന്നായിരുന്നു അമിത് ഷാ ഇപ്പോഴും ഡയറക്ടർ പദവിയിൽ തുടരുന്ന അഹ്മദാബാദ് ജില്ല സഹകരണ ബാങ്ക് (എ.ഡി.സി.ബി). ദേശീയ കാർഷിക ഗ്രാമവികസന ബാങ്കാണ് (നബാർഡ്) വിവരാവകാശ മറുപടിയിൽ ബാങ്കിലെ നിേക്ഷപ വിവരങ്ങൾ കഴിഞ്ഞയാഴ്ച പുറത്തുവിട്ടത്. എന്നാൽ, അതിന് തൊട്ടു പിന്നാലെ എ.ഡി.സി.ബിയെ സംരക്ഷിക്കുന്ന പ്രസ്താവനയുമായി നബാർഡ് രംഗത്തെത്തിയിരുന്നു.
ബാങ്കിലെ 98.6 ശതമാനംപേരും നിയമ വിധേയമായ രണ്ടരലക്ഷത്തിൽ താഴെ തുകയാണ് നിക്ഷേപിച്ചതെന്നായിരുന്നു വെളിപ്പെടുത്തൽ. എന്നാൽ, ബാക്കിവരുന്ന 1.4 ശതമാനംപേരിൽ നിന്നാണ് 745 കോടിയിലെ 60 ശതമാനത്തിലേറെ നിക്ഷേപവും എത്തിയതെന്ന് നബാർഡ് മറച്ചുവെച്ചതായി ‘ദ വയർ’ പറയുന്നു.
രാജ്യത്തെ ഒരു ശതമാനം പേരിലാണ് രാജ്യത്തിെൻറ മൊത്തം സമ്പത്തിെൻറ 73 ശതമാനവും എന്നാണ് കണക്ക്. എ.ഡി.സി.ബിയിൽ 46,795 രൂപ വീതമാണ് ഒരാളിൽനിന്ന് ശരാശരി നിക്ഷേപമുണ്ടായിരിക്കുന്നത്. 98.66 ശതമാനംപേരും നിക്ഷേപിച്ചിരിക്കുന്നത് രണ്ടരലക്ഷത്തിൽ താഴെ തുകയാണ്. ആരൊക്കെയാണ് രണ്ടര ലക്ഷത്തിലേറെ നിക്ഷേപം നടത്തിയതെന്ന് നബാർഡ് വ്യക്തമാക്കേണ്ടതുണ്ടെന്നും ഇത്രയും വലിയ നിക്ഷേപത്തിൽ ആദായനികുതി വകുപ്പിന് സംശയം തോന്നിയില്ലെന്നത് പരിശോധിക്കപ്പെടേണ്ടതാണെന്നും വെബ്സൈറ്റ് പറയുന്നു. ബാങ്കുകളിൽ നിക്ഷേപം കുമിഞ്ഞു കൂടിയതിൽ അസ്വാഭാവികമായ എന്തോ ഉണ്ടെന്ന് റിസർവ് ബാങ്ക് അഭിപ്രായപ്പെട്ട സാഹചര്യത്തിൽ വൻതോതിൽ നിക്ഷേപം നടത്തിയവരുടെ പേരുവിവരം വെളിപ്പെടുത്താൻ നബാർഡ് തയാറാകാത്തതിൽ ദുരൂഹതയുണ്ടെന്നും റിപ്പോർട്ടിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.