ഹൈദരാബാദ്: തെലുങ്കാന സന്ദർശിക്കാനിരിക്കെ ഹൈദരാബാദ് അടക്കം സംസ്ഥാനത്തെ പ്രമുഖ നഗരങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പോസ്റ്ററുകളും ഫ്ലക്സുകളും. 'മോദിയെ സ്വീകരിക്കാൻ പരിവാർ' എന്നെഴുതിയ ഫ്ലക്സുകളാണ് ഹൈദരാബാദിലും സെക്കന്തരാബാദിലും പ്രത്യക്ഷപ്പെട്ടത്. അഴിമതി ആരോപണങ്ങൾ ഉയർന്ന ബി.ജെ.പി ഭരണത്തിലുള്ള സംസ്ഥാനങ്ങളുടെ മാപ്പും അഴിമതി വാർത്തകൾ വന്ന പത്രങ്ങളുടെ കട്ടിങ്ങുകളും ഉൾപ്പെടുത്തിയ ഫ്ലക്സുകളിൽ 'ബിജെപിയുടെ നേട്ടങ്ങൾ, മോദിജിക്ക് സ്വാഗതം' എന്ന് എഴുതിയിട്ടുണ്ട്.
കെ.സി.ആറിന്‍റെ കുടുംബ രാഷ്ട്രീയത്തെ വിമർശിക്കുന്ന ബി.ജെ.പിക്കും മോദിക്കുമെതിരെ അതേ നാണയത്തിലുള്ള പ്രതിഷേധമാണ് ബി.ആർ.എസ് സംഘടിപ്പിച്ചത്. ബി.ജെ.പി നേതാക്കൾ, മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ, എം.എൽ.സിമാർ, അദാനി പോലുള്ള അടുപ്പക്കാരുടെയും അവരുടെ മക്കളും ബന്ധുക്കളും ഉൾപ്പെട്ടവരുടെയും ചിത്രങ്ങൾ വെച്ചുള്ള ഫ്ലക്സാണ് സ്ഥാപിച്ചത്. അമിത് ഷാ, ദേവേന്ദ്ര ഫഡ്നാവിസ്, ജ്യോതിരാദിത്യ സിന്ധ്യ, രാജ്നാഥ് സിങ്, അനുരാഗ് താക്കൂർ, ഗൗതം അദാനി അടക്കമുള്ള നേതാക്കളും മക്കളും ഫ്ലക്സിൽ ഇടംപിടിച്ചിട്ടുണ്ട്.
അതിനിടെ, പ്രധാനമന്ത്രിക്കെതിരായ പ്രതിഷേധം മുന്നിൽകണ്ട് ഹൈദരാബാദിൽ യൂത്ത് കോൺഗ്രസ് നേതാക്കളെ കരുതൽ തടങ്കലിലാക്കി. മോദിക്കെതിരെ പ്രതിഷേധം ഉയരാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടിനെ തുടർന്നാണ് നടപടി. എൻ.എസ്.യു ഐ അധ്യക്ഷൻ ബാലമുരി വെങ്കിട്, യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ശ്രീനിവാസ റെഡ്ഡി, ദലിത് കോൺഗ്രസ് അധ്യക്ഷൻ പ്രീതം എന്നിവരെയാണ് തടങ്കലിലാക്കിയത്.
അതേസമയം, മോദിയുടെ പരിപാടികളിൽ തെലുങ്കാന മുഖ്യമന്ത്രി കെ.സി ചന്ദ്രശേഖര റാവു പങ്കെടുക്കില്ല. കൂടാതെ, പ്രധാനമന്ത്രിയെ സ്വീകരിക്കാൻ വിമാനത്താവളത്തിലും കെ.സി.ആർ എത്തില്ല. പരിപാടിയിൽ പങ്കെടുക്കാൻ പ്രോട്ടോക്കാൾ പ്രകാരം മുഖ്യമന്ത്രിയെ ക്ഷണിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.