ന്യൂഡൽഹി: മാവോവാദി ബന്ധം ആരോപിച്ച് തടവിലാക്കിയ ഡല്‍ഹി സര്‍വകലാശാല മുന്‍ അധ്യാപകൻ ജി.എൻ സായിബാബയെ കുറ്റമുക്തനാക്കിയ ബോംബെ ഹൈകോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ അപ്പീൽ. മഹാരാഷ്ട്ര സർക്കാറിന്റെ അപ്പീലിൽ സുപ്രീം കോടതി ശനിയാഴ്ച രാവിലെ 11ന് പ്രത്യേക സിറ്റിങ് നടത്തും. ജസ്റ്റിസ് എം.ആർ ഷാ, ജസ്റ്റിസ് ബേല എം. ത്രിവേദി എന്നിവരാണ് അപ്പീൽ പരിഗണിക്കുക.
ബോംബെ ഹൈകോടതിയുടെ നാഗ്പൂര്‍ ബെഞ്ചാണ് സായിബാബയെ കുറ്റമുക്തനാക്കി ഉത്തരവിട്ടത്. അദ്ദേഹത്തെ ഉടന്‍ ജയിൽമോചിതനാക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. ജീവപര്യന്തം തടവിന് ശിക്ഷിച്ച വിചാരണക്കോടതിയുടെ 2017ലെ ഉത്തരവ് ചോദ്യം ചെയ്ത് സായിബാബ സമർപ്പിച്ച അപ്പീൽ ജസ്റ്റിസ് രോഹിത് ദിയോ, അനിൽ പൻസാരെ എന്നിവരടങ്ങുന്ന ബെഞ്ച് അംഗീകരിക്കുകയായിരുന്നു.
സായിബാബ ഇപ്പോൾ നാഗ്‍പൂര്‍ സെൻട്രൽ ജയിലിലാണുള്ളത്. കേസിലെ മറ്റ് അഞ്ച് പ്രതികളെയും കോടതി വെറുതെവിട്ടിട്ടുണ്ട്. മറ്റേതെങ്കിലും കേസില്‍ പ്രതികളല്ലെങ്കില്‍ ഉടന്‍ ഇവരെ ജയില്‍ മോചിതരാക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. പ്രതികളില്‍ ഒരാള്‍ അപ്പീല്‍ പരിഗണിക്കാനിരിക്കെ മരിച്ചിരുന്നു.
മാവോവാദി ആശയങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസില്‍ 2017 മാര്‍ച്ചിലാണ് മഹാരാഷ്ട്രയിലെ ഗഢ്ചിറോളി സെഷന്‍ കോടതി സായിബാബയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. യു.എ.പി.എ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം നിരോധിത ഭീകര സംഘടനയിലെ അംഗത്വം, നിരോധിത സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കല്‍, ആശയങ്ങള്‍ പ്രചരിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കുള്ള പരമാവധി ശിക്ഷയാണ് കോടതി നല്‍കിയിരുന്നത്. സായിബാബക്ക് പുറമെ ജെ.എന്‍.യു സർവകലാശാലയിലെ മുന്‍ വിദ്യാര്‍ഥി ഹേം മിശ്ര, മാധ്യമപ്രവര്‍ത്തകൻ പ്രശാന്ത് റായ് തുടങ്ങിയവരുൾപ്പെടെ അഞ്ച് പേര്‍ക്കായിരുന്നു ശിക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.