ന്യൂഡൽഹി: മൂന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷണർമാരിൽ ഒരാൾ ഈ മാസം 14ന് വിരമിക്കാനിരിക്കെ, പുതിയ അംഗത്തെ നിശ്ചയിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സമിതി ബുധനാഴ്ച യോഗം ചേരും. അനൂപ് ചന്ദ്ര പാണ്ഡെയാണ് വിരമിക്കുന്നത്.
തെരഞ്ഞെടുപ്പ് കമീഷണർ നിയമന നിയമപ്രകാരം നിയമമന്ത്രിയും രണ്ടു കേന്ദ്ര സെക്രട്ടറിമാരും ചേർന്ന സെർച് കമ്മിറ്റി യോഗ്യരായ അഞ്ചു പേരുടെ പട്ടിക തയാറാക്കി ഉന്നതതല സമിതിക്ക് സമർപ്പിക്കണം. പ്രധാനമന്ത്രിക്കു പുറമെ, അദ്ദേഹം നോമിനേറ്റ് ചെയ്യുന്ന കേന്ദ്രമന്ത്രിയും ലോക്സഭയിലെ ഏറ്റവും വലിയ പ്രതിപക്ഷകക്ഷിയെന്ന നിലയിൽ കോൺഗ്രസിന്റെ സഭാനേതാവ് അധീർ രഞ്ജൻ ചൗധരിയും ഉന്നതതല സമിതിയിൽ അംഗങ്ങളാണ്.
സെർച് കമ്മിറ്റിയുടെ പട്ടികയിൽപെടാത്തയാളെയും നാമനിർദേശം ചെയ്യാൻ ഉന്നതതല സമിതിക്ക് അധികാരമുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പു തീയതികൾ തെരഞ്ഞെടുപ്പ് കമീഷൻ പ്രഖ്യാപിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് 65 വയസ്സ് പൂർത്തിയായി അനൂപ് ചന്ദ്ര പാണ്ഡെ വിരമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.