ന്യൂഡൽഹി: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് തലേന്നാൾ ബി.ജെ.പിക്ക് ആം ആദ്മി പാർട്ടിയിൽനിന്നുള്ള ആദ്യ തിരിച്ചടിയായി ഡൽഹി മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പ് ഫലം. കോൺഗ്രസ് മുക്ത ഭാരതത്തിനുള്ള ആർ.എസ്.എസിന്റെ ബി ടീമെന്ന കോൺഗ്രസ് ആക്ഷേപം നേരിടുന്ന ആം ആദ്മി പാർട്ടി അതിന്റെ രൂപവത്കരണത്തിനുശേഷം ആദ്യമായി ബി.ജെ.പിയെ പരാജയപ്പെടുത്തി ഭരണം നേടിയ തെരഞ്ഞെടുപ്പായി ഡൽഹി മുനിസിപ്പൽ തെരഞ്ഞെടുപ്പ് മാറി. ഷീല ദീക്ഷിത് മൂന്നുതവണ ഡൽഹി മുഖ്യമന്ത്രിയായിട്ടും അതിൽ രണ്ടുതവണ കേന്ദ്രത്തിൽ കോൺഗ്രസ് ഭരണമായിരുന്നിട്ടും കോൺഗ്രസിന് പിടിച്ചെടുക്കാൻ കഴിയാത്ത ഡൽഹി മുനിസിപ്പൽ കൗൺസിലാണ് ബി.ജെ.പിയോട് ഇഞ്ചോടിഞ്ച് പോരടിച്ച് ആപ് നേടിയെടുത്തത്. ആപ് പ്രതീക്ഷിച്ച അനായാസ വിജയം നേടിയില്ലെങ്കിലും മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പിയെ നേരിട്ട് തോൽപിക്കാനായത് ഭാവിയിലേക്കുള്ള നിർണായക രാഷ്ട്രീയ നേട്ടമാണ്.
കോൺഗ്രസ് മുക്ത ഭാരതത്തിന് ആർ.എസ്.എസ് ആസൂത്രണം ചെയ്ത അണ്ണാ ഹസാരെയുടെ അഴിമതിവിരുദ്ധ സമരത്തിന്റെ അമരത്തുണ്ടായിരുന്ന അരവിന്ദ് കെജ്രിവാൾ സ്വന്തം നിലക്ക് ഒരു പാർട്ടിയുണ്ടാക്കിയ ശേഷം കയറി കളിച്ചതെല്ലാം കോൺഗ്രസ് തട്ടകങ്ങളിലായിരുന്നു. ഡൽഹിയും പഞ്ചാബും പിടിച്ചതും കോൺഗ്രസിൽനിന്ന് തന്നെയായിരുന്നു.
ഡൽഹി ഭരണം ആപ്പിൽനിന്ന് പിടിക്കാൻ കഴിയാതിരുന്ന ബി.ജെ.പി സംസ്ഥാന സർക്കാറിന്റെ അധികാരങ്ങൾ ഒന്നൊന്നായി വെട്ടിപ്പിടിച്ച് ഡൽഹി കേവലമൊരു മുനിസിപ്പൽ കോർപറേഷന്റെ പരുവത്തിലാക്കിയപോലെ ലക്ഷ്യംവെച്ചതായിരുന്നു ഡൽഹി മുനിസിപ്പൽ കൗൺസിലിലെ ഭരണതുടർച്ച.
തങ്ങൾ ഭരിക്കുന്ന മൂന്നു മുനിസിപ്പൽ കൗൺസിലുകളെ ഒന്നാക്കി തെരഞ്ഞെടുപ്പ് നടത്തി അരവിന്ദ് കെജ്രിവാളിന്റെ പ്രതിച്ഛായയെ ഡൽഹിക്ക് മുഴുവനുമായി ഒരു മേയറെ വെച്ച് വീണ്ടും ശോഷിപ്പിക്കുകയായിരുന്നു ബി.ജെ.പിയുടെ പദ്ധതി. പത്തുവർഷം മുമ്പ് മൂന്നായി വിഭജിക്കപ്പെട്ട ഡൽഹി മുനിസിപ്പൽ കൗൺസിലുകളിൽ മൂന്നിലേക്കും വെവ്വേറെ തെരഞ്ഞെടുപ്പ് നടത്താനിരിക്കേ അവസാന നിമിഷം കമീഷനെക്കൊണ്ട് ബി.ജെ.പിക്ക് ജയിക്കാവുന്ന തരത്തിൽ മൂന്നു കൗൺസിലുകളും ഒന്നാക്കി മാറ്റുകയായിരുന്നു മോദി സർക്കാർ. കെജ്രിവാളിന്റെ ഡൽഹി ഭരണത്തിന് സമാന്തരമായി ഒരു ഡൽഹി കോർപറേഷൻ ഭരണം കൊണ്ടുവരാൻ ബി.ജെ.പി നടത്തിയ അധ്വാനമാണ് ഈയൊരു ഫലത്തോടെ വിഫലമായത്.
ഒരു നിയമസഭ തെരഞ്ഞെടുപ്പ് എന്നപോലെ തന്നെ ഡൽഹി എം.സി.ഡി തെരഞ്ഞെടുപ്പും ബി.ജെ.പി നേരിട്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുന്നിൽ നിർത്തിയായിരുന്നു. മോദിയും കെജ്രിവാളും തമ്മിലുള്ള ഏറ്റുമുട്ടലാക്കി ഡൽഹി മുനിസിപ്പൽ തെരഞ്ഞെടുപ്പിനെ മാറ്റിയത് രാഷ്ട്രീയമായി ബി.ജെ.പിക്ക് ക്ഷീണമായി.
അത് കേവലം ഒമ്പതു കൗൺസിലർമാരുടെ ഭൂരിപക്ഷത്തിലാണെന്നത് കൂറുമാറ്റം രാഷ്ട്രീയ തന്ത്രമാക്കിയ ബി.ജെ.പിക്കുമുന്നിൽ ആപ്പിന്റെ ഉറക്കം കെടുത്തുന്നതാണ്.
39 ശതമാനം വോട്ടർമാർ ബി.ജെ.പിക്കൊപ്പമുണ്ടെന്നതും ആപ്പിന് ഡൽഹിയിലെ അതിജീവനം അനായാസമായിരിക്കില്ലെന്ന് തെളിയിക്കുന്നതാണ്. ആപ്പിന്റെ വോട്ടുശതമാനം 42.05 ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.