ന്യൂഡൽഹി: സംഘർഷഭരിതമായി വഖഫ് നിയമഭേദഗതി ബില്ലിലെ സംയുക്ത പാർലമെന്‍ററി സമിതിയുടെ (ജെ.പി.സി) ചർച്ച. തർക്കത്തിനിടയിൽ തൃണമൂൽ എം.പി കല്യാൺ ബാനർജിയുടെ കൈക്ക് ഗ്ലാസ് ബോട്ടിലിൽ തട്ടി പരിക്കേറ്റു. കല്യാൺ ബാനർജിയും ബി.ജെ.പി എം.പി അഭിജിത് ഗംഗോപാധ്യായയും തമ്മിലുള്ള രൂക്ഷമായ തർക്കത്തിനിടെയാണ് സംഭവം. ബാനർജിക്ക് കൈക്ക് നാല് തുന്നലുകളുണ്ട്.
സംഭവത്തെത്തുടർന്ന് പാർലമെന്‍റ് അനക്‌സിൽ നടന്ന യോഗം കുറച്ച് നേരം നിർത്തിവെക്കേണ്ടി വന്നു. ബി.ജെ.പിയുടെ ജഗദാംബിക പാൽ അധ്യക്ഷയായ സമിതി വിരമിച്ച ജഡ്ജിമാരുടെയും അഭിഭാഷകരുടെയും അഭിപ്രായം കേൾക്കുന്നതിനിടെയാണ് തർക്കം രൂക്ഷമായത്. തുടർന്ന് പാനൽ യോഗം തടസപ്പെട്ടു. തർക്കത്തെ തുടർന്ന് ബാനർജിയുടെ കൈ ഗ്ലാസ് ബോട്ടിലിൽ തട്ടി പരിക്കേൽക്കുകയായിരുന്നു.
കഴിഞ്ഞ ആഴ്ചയും കല്യാൺ ബാനർജിയും ബി.ജെ.പി എം.പിമാരായ നിഷികാന്ത് ദുബെ, ദിലീപ് സൈകിയ, അഭിജിത് ഗാംഗുലി എന്നിവരുമായി വാക്കുതർക്കമുണ്ടായിരുന്നു. തുടർന്ന് ബി.ജെ.പി എം.പിമാർ അപകീർത്തികരമായ പദപ്രയോഗം നടത്തിയെന്ന് ആരോപിച്ച് പ്രതിപക്ഷം യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. ജഗദാംബിക പാൽ ചട്ടങ്ങൾക്കനുസൃതമായി പ്രവർത്തിക്കുന്നില്ലെന്നും ബി.ജെ.പി എംപിമാർക്കെതിരെ നടപടിയെടുക്കുന്നതിൽ പരാജയപ്പെട്ടെന്നും പ്രതിപക്ഷം ആരോപിച്ചു.
മറുവശത്ത് ചില പ്രതിപക്ഷ അംഗങ്ങൾ ജെ.പി.സി ചെയർപേഴ്സനെ ഭീഷണിപ്പെടുത്തുകയും ചില രേഖകൾ വലിച്ചുകീറുകയും ചെയ്തതായി ആരോപിച്ച് ബി.ജെ.പി നേതാവ് തേജസ്വി സൂര്യ ലോക്സഭാ സ്പീക്കർക്ക് കത്തയച്ചിരുന്നു. ജൂലൈ 28 ന് വഖഫ് ബിൽ കേന്ദ്രം പാർലമെന്‍റിൽ അവതരിപ്പിച്ചെങ്കിലും പ്രതിപക്ഷ പാർട്ടികളുടെ ശക്തമായ എതിർപ്പുകൾക്കിടയിൽ ബിൽ ആഗസ്റ്റ് എട്ടിന് സംയുക്ത പാർലമെന്‍ററി കമ്മിറ്റിക്ക് (ജെ.പി.സി) റഫർ ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.