മുംബൈ: മഹാരാഷ്ട്രയിൽ മന്ത്രിസഭ വികസനം, വകുപ്പ് വിഭജന വിഷയങ്ങളിൽ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പക്ഷ ശിവസേനയും ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ എൻ.സി.പി വിമതരും തമ്മിൽ തർക്കം. ദിവസങ്ങളായി ഏക്നാഥ് ഷിൻഡെ, അജിത് പവാർ, ബി.ജെ.പി നേതാവായ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവർ തമ്മിൽ നടന്ന മാരത്തൺ ചർച്ചകൾ എങ്ങുമെത്തിയില്ല.
ധനകാര്യ വകുപ്പ്, റായ്ഗഢ് ജില്ലയുടെ രക്ഷാകർതൃ ചുമതല എന്നിവയെ ചൊല്ലിയാണ് പ്രധാനമായും ഷിൻഡെ-അജിത് പക്ഷങ്ങൾ തമ്മിലെ തർക്കം. തർക്കം മൂർച്ഛിച്ചതോടെ ബി.ജെ.പി ദേശീയ നേതൃത്വത്തെ കാണാൻ അജിത് പവാർ ഡൽഹിക്ക് പുറപ്പെട്ടു. ഷിൻഡെയും ഫഡ്നാവിസും പിന്നാലെ ഡൽഹിയിലെത്തിയേക്കും. ധനകാര്യം അജിത് പവാറിന് വേണം. മുൻ ഉദ്ധവ് താക്കറെ (എം.വി.എ) സർക്കാറിൽ അജിത്തായിരുന്നു ധനകാര്യ മന്ത്രി.
അന്നത്തെ സാമ്പത്തിക ക്രമക്കേട് ആരോപണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ധനകാര്യം അജിത് പവാറിന് നൽകുന്നതിനെ ഷിൻഡെ പക്ഷം എതിർക്കുന്നത്.എൻ.സി.പി വിമതപക്ഷം മഹാരാഷ്ട്ര അധ്യക്ഷൻ സുനിൽ തത്ക്കറെയുടെ മകൾ അതിഥി തത്ക്കറെക്കു വേണ്ടിയാണ് മറ്റൊരു തർക്കം.
അജിത് പവാറിനൊപ്പം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അതിഥിക്ക് റായ്ഗഢ് ജില്ലയുടെ രക്ഷാകർതൃ ചുമതല നൽകണമെന്നാണ് ആവശ്യം. എന്നാൽ, ആ ചുമതല തങ്ങളുടെ ചീഫ് വിപ്പായ ഭരത് ഗോഗാവാലെക്ക് നൽകണമെന്ന് ഷിൻഡെ വിഭാഗം ശഠിക്കുന്നു. ഭരത് ഗോഗാവാലെ മന്ത്രിയല്ല. മന്ത്രിസഭ വികസനം കാത്തുകിടക്കുന്നവരിൽ ഒരാളാണ്.
വകുപ്പുകൾ വീതിച്ചു നൽകുന്നതിന് മുമ്പ് മന്ത്രിസഭ വികസനം വേണമെന്ന് ഷിൻഡെ ആവശ്യപ്പെട്ടതായാണ് വിവരം. വർഷമൊന്ന് കഴിഞ്ഞിട്ടും മന്ത്രിസഭ വികസനം നടക്കാത്തതിൽ അസ്വസ്ഥരാണ് ഷിൻഡെ പക്ഷം. ഇതിനിടയിലാണ്, അജിത് പവാറിന്റെ നേതൃത്വത്തിൽ എൻ.സി.പി വിമതരും ഷിൻഡെ പക്ഷ ശിവസേന- ബി.ജെ.പി സഖ്യ സർക്കാറിന്റെ ഭാഗമാകുന്നത്.
അജിത് പവാർ വന്നതോടെ തങ്ങളുടെ പ്രാധാന്യം കുറയുമെന്ന ആശങ്ക ഷിൻഡെ പക്ഷ എം.എൽ.എമാർക്കുണ്ട്. രണ്ടുദിവസത്തിനകം തർക്കങ്ങൾ പരിഹരിക്കപ്പെടുമെന്ന് എൻ.സി.പി വിമതപക്ഷ നേതാവ് സുനിൽ തത്ക്കറെ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.