ന്യൂഡൽഹി: ഡൽഹി സർക്കാറിന്റെ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ആര് പതാക ഉയർത്തുമെന്നതിനെച്ചൊല്ലി തർക്കം. മദ്യനയ അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ താൽപര്യപ്രകാരം മന്ത്രി അതിഷി പതാക ഉയർത്തുന്നതിന് നടപടി സ്വീകരിക്കാൻ പൊതുഭരണ മന്ത്രി ഗോപാൽ റായ് നൽകിയ നിർദേശം വകുപ്പ് തള്ളിയതോടെയാണ് തർക്കം ഉടലെടുത്തത്. അതേസമയം, ദേശീയ പതാക ഉയർത്താൻ ലഫ്. ഗവർണർ വി.കെ. സക്സേന ഡൽഹി ആഭ്യന്തര മന്ത്രി കൈലാഷ് ഗഹ്ലോട്ടിനെ ചുമതലപ്പെടുത്തി.
ജയിലിൽ കഴിയുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് തന്റെ പേരിൽ പതാക ഉയർത്താൻ മന്ത്രി അതിഷിയെ ചുമതലപ്പെടുത്താൻ സാധിക്കില്ലെന്ന് പൊതുഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി നവീൻ കുമാർ ചൗധരി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ നിർദേശം നിയമപരമായി അസാധുവാണെന്നും അതിനാൽ നടപ്പാക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച് ആഗസ്റ്റ് ആറിന് മുഖ്യമന്ത്രി ലഫ്. ഗവർണർക്ക് അയച്ച സന്ദേശം ജയിൽ ചട്ടപ്രകാരം അനുവദനീയമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്ഥിരമായി നടത്തുന്ന ഛത്രസാൽ സ്റ്റേഡിയത്തിൽ സ്വാതന്ത്ര്യ ദിനാഘോഷത്തിനുള്ള ഒരുക്കം നടന്നുവരികയാണ്. ജുഡീഷ്യൽ കസ്റ്റഡിയിലുള്ള മുഖ്യമന്ത്രിക്ക് പതാക ഉയർത്താൻ കഴിയാത്ത സാഹചര്യം ‘ഉന്നത അധികൃതരെ’ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ നിർദേശത്തിന് കാത്തിരിക്കുകയാണ് -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.