തൊടുപുഴ: തമിഴ്നാട് മേഘമലയിൽ തമ്പടിച്ച അരിക്കൊമ്പനെ പെരിയാർ വന്യജീവി സങ്കേതത്തിലേക്ക് തുരത്താൻ തമിഴ്നാട് വനം വകുപ്പ് ശ്രമം തുടരുന്നു. മേഘമലയിലെ നിബിഡവനമേഖലയിലാണ് ആനയുള്ളത്. അരിക്കൊമ്പൻ കാട് കയറും വരെ വിനോദസഞ്ചാര കേന്ദ്രമായ മേഘമലയിൽ സന്ദർശകർക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരാനാണ് തമിഴ്നാട് വനം വകുപ്പിന്റെ തീരുമാനം.
മേഘമലയിലേക്കുള്ള വഴിയിൽ തമ്പടിച്ച അരിക്കൊമ്പൻ വാഹനത്തിന് മുന്നിൽ നിലയുറപ്പിച്ചത് പരിഭ്രാന്തി പരത്തിയിരുന്നു. ആന പെരിയാറിലേക്ക് മടങ്ങിയില്ലെങ്കിൽ ഇരവെങ്കലാർ, മണലാർ, ഹൈവേയ്സ് മേഖലകളിലെ ജനജീവിതം കൂടുതൽ ദുസ്സഹമാകുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. അരിക്കൊമ്പൻ മേഘമലയിൽ ആക്രമണം നടത്തിയിട്ടില്ലെന്നും കേരള- തമിഴ് നാട് വനം വകുപ്പുകൾ സ്ഥിതിഗതികൾ സംയുക്തമായി നിരീക്ഷിച്ചുവരുകയാണെന്നും വനം മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. ഏതാനും ദിവസമായി ശ്രീവല്ലിപുത്തൂർ മേഘമല കടുവാ സങ്കേത പരിധിയിലാണ് അരിക്കൊമ്പന്റെ സാന്നിധ്യം.
ഇടുക്കി ചിന്നക്കനാൽ മേഖലയിൽ വ്യാപക നാശനഷ്ടമുണ്ടാക്കുകയും നിരവധി പേരെ കൊലപ്പെടുത്തുകയും ചെയ്ത അരിക്കൊമ്പനെ ഏപ്രിൽ 29നാണ് മയക്കുവെടി വെച്ച് പിടികൂടിയത്. തുടർന്ന് ജി.പി.എസ് കോളർ ഘടിപ്പിച്ച് പെരിയാർ കടുവാ സങ്കേതത്തിൽ തുറന്നുവിടുകയായിരുന്നു. എന്നാൽ, ഇവിടെ നിന്ന് സംസ്ഥാനാതിർത്തി കടന്ന് തമിഴ്നാട്ടിലെ മേഘമല ഭാഗത്തേക്ക് കടക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.