രാജ്യത്തെ മൂന്ന് സേനാവിഭാഗങ്ങളിൽ നിന്ന് കോടികൾ പി.എം കെയേഴ്സിലേക്ക് ഇൗടാക്കിയതായി വിവരാവകാശ രേഖ. പൊതുമേഖലാ സ്ഥാപനങ്ങൾ, അക്കാദമിക് സ്ഥാപനങ്ങൾ, പൊതുമേഖലാ ബാങ്കുകൾ എന്നിവ മാത്രമല്ല മൂന്ന് സായുധ സേനകളും പ്രധാനമന്ത്രിയുടെ പ്രത്യേക നിധിയിലേക്ക് സംഭാവന നൽകിയതായാണ് പുറത്തുവന്നിരിക്കുന്ന വിവരം. ഇന്ത്യൻ ആർമി, എയർഫോഴ്സ്, നേവി എന്നിവർ ചേർന്ന് ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളത്തിൽ നിന്ന് 203.67 കോടി സംഭാവന ചെയ്തിട്ടുണ്ട്.
നേരത്തെ ലഭിച്ച വിവരാവകാശ രേഖകൾ പ്രകാരം ഏഴ് പൊതുമേഖലാ ബാങ്കുകളിൽ നിന്നും റിസർവ് ബാങ്ക് ഉൾപ്പെടെയുള്ള മറ്റ് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും 204.75 കോടിയുടെ സംഭാവന പി.എം കെയേഴ്സിന് ലഭിച്ചിരുന്നു. ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് നിരവധി കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങൾ 21.81 കോടിയും നൽകിയിട്ടുണ്ട്. ഏപ്രിൽ മുതൽ ഒക്ടോബർ വരെ മൊത്തം 29.18 കോടിയാണ് പിഎം കെയേഴ്സിലേക്ക് നൽകിയതെന്ന് വ്യോമസേന വൃത്തങ്ങൾ അറിയിച്ചു. പ്രതിമാസ സംഭാവനയുടെ രൂപത്തിലാണ് പണം നൽകിയിരിക്കുന്നത്.
ഏപ്രിലിൽ 25.03 കോടി, മെയിൽ 75.24 ലക്ഷം, ജൂണിൽ 1.08 കോടി , ജൂലൈയിൽ 73.93 ലക്ഷം, ഓഗസ്റ്റിൽ 61.18 ലക്ഷം, സെപ്റ്റംബറിൽ 50.27 ലക്ഷം, ഒക്ടോബറിൽ 46.70 ലക്ഷം എന്നിങ്ങനെയാണ് വ്യോമസേന നൽകിയത്. നാവികസേന ഡിസംബർ ഒമ്പതിന് നൽകിയ പ്രതികരണത്തിൽ ഏപ്രിൽ മുതൽ ഒക്ടോബർ വരെ 12.41 കോടി പിഎം കെയേഴ്സിലേക്ക് നൽകിയിട്ടുണ്ട്. ഇന്ത്യൻ ആർമിയുടെ എഡിജി പിഐ (അഡീഷണൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് പബ്ലിക് ഇൻഫർമേഷൻ) ട്വീറ്റ് ചെയ്ത്പ്രകാരം ആർമി ഉദ്യോഗസ്ഥർ 2020 ഏപ്രിലിൽ 157.71 കോടി രൂപ സ്വമേധയാ സംഭാവന ചെയ്തിട്ടുണ്ട്.
പ്രതിരോധ മന്ത്രാലയത്തിലെ ജീവനക്കാർ പ്രധാനമന്ത്രിക്ക് ഒരു ദിവസത്തെ ശമ്പളം സംഭാവന ചെയ്യുന്നതിനുള്ള നിർദ്ദേശത്തിന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അംഗീകാരം നൽകിയതായി മാർച്ച് 29 ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ പുറത്തിറക്കിയ പ്രതിരോധ മന്ത്രാലയത്തിെൻറ പത്രക്കുറിപ്പ് പറഞ്ഞിരുന്നു. കോവിഡിനെ നേരിടാൻ പി.എം കെയേഴ്സ് ഫണ്ട് കരസേന, നാവികസേന, വ്യോമസേന, പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങൾ തുടങ്ങി വിവിധ വിഭാഗങ്ങളിൽ നിന്ന് ഏകദേശം 500 കോടി രൂപ സമാഹരിക്കുമെന്നും ജീവനക്കാരുടെ സംഭാവന സ്വമേധയാ ഉള്ളതാണെന്നും വാർത്താ കുറിപ്പിൽ പറഞ്ഞിരുന്നു. നിലവിൽ രാജ്യത്ത് നിലനിലക്കുന്ന യാതൊരുവിധ ഒാഡിറ്റിങ് സംവിധാനവും ബാധകമാകാത്ത പി.എം കെയേഴ്സ് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.