മഹേന്ദ്രഗഡ് (ഹരിയാന): ചുരുങ്ങിയ കാലത്തേക്ക് ആളുകളെ കരാർ അടിസ്ഥാനത്തിൽ സൈനിക സേവനത്തിനെടുക്കുന്ന ‘അഗ്നിവീർ’ വിഷയത്തിൽ നിലപാട് ആവർത്തിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ‘അഗ്നിവീർ’ സംവിധാനം സൈന്യത്തിന് ആവശ്യമില്ലെന്നും ‘ഇൻഡ്യ’ മുന്നണി അധികാരത്തിലെത്തിയാൽ പദ്ധതിയെടുത്ത് ചവറ്റുകുട്ടയിലിടുമെന്നും അദ്ദേഹം ഹരിയാനയിലെ മഹേന്ദ്രഗഡിൽ നടത്തിയ കോൺഗ്രസ് റാലിയിൽ പറഞ്ഞു.
സംസ്ഥാനത്ത് രാഹുൽ പങ്കെടുത്ത ആദ്യ തെരഞ്ഞെടുപ്പ് റാലിയാണിത്. അഗ്നിവീർ പദ്ധതിയിലൂടെ രാജ്യത്തെ സൈനികരെ മോദി കേവല തൊഴിലാളികളാക്കി മാറ്റിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ‘ഇത്തരമൊരു പദ്ധതിയിലൂടെ രാജ്യത്ത് രണ്ടുതരം രക്തസാക്ഷികളാണുണ്ടാവുക. ഒന്ന്, സാധാരണ ജവാന്മാർ. അവർക്ക് പെൻഷനും മറ്റു ആനുകൂല്യങ്ങളുമെല്ലാം ലഭിക്കും. രണ്ടാമത്തെ വിഭാഗം, ഇതൊന്നുമില്ലാത്ത അഗ്നിവീർ. ഇവർ സൈനിക സേവനത്തിനിടെ കൊല്ലപ്പെട്ടാൽ, രക്തസാക്ഷികളായിപ്പോലും പരിഗണിക്കപ്പെടില്ല. നമ്മുടെ യുവാക്കൾ ദേശസ്നേഹികളാണ്. അവർ സൈന്യത്തിലേക്ക് വരുമ്പോൾ അവരെ കേവലം തൊഴിലാളികളായി പരിഗണിച്ചൂകൂടാ’ -അദ്ദേഹം വ്യക്തമാക്കി.
കർഷക രോഷം ആഞ്ഞടിക്കുന്ന സംസ്ഥാനത്ത് മോദി സർക്കാറിന്റെ കാർഷിക നയങ്ങൾക്കെതിരെയും അദ്ദേഹം കടുത്ത വിമർശനം അഴിച്ചുവിട്ടു. രാജ്യത്തെ പ്രമുഖരായ 22 വ്യവസായികളുടെ 16 ലക്ഷം കോടി രൂപയുടെ വായ്പയാണ് മോദി എഴുതിത്തള്ളിയത്. എന്നാൽ, കർഷക കടം എഴുതിത്തള്ളില്ലെന്നാണ് സർക്കാർ നയം - അദ്ദേഹം കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.