മുംബൈ: തരാനുള്ള പണം തന്നില്ലെങ്കിൽ ജീവനൊടുക്കുമെന്ന, ഇൻറീരിയർ ഡിസൈനർ അൻവയ് നായിക്കിെൻറ മുന്നറിയിപ്പ് റിപ്പബ്ലിക് ടി.വി മേധാവി അർണബ് ഗോസ്വാമി അവഗണിച്ചുവെന്ന് കുറ്റപത്രം. 2018ൽ മഹാരാഷ്ട്രയിലെ റായ്ഗഢ് ജില്ലയിലെ അൻവയ് നായിക് ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ അർണബ് ഗോസ്വാമിക്കെതിരെ മഹാരാഷ്ട്ര പൊലീസ് വെള്ളിയാഴ്ച അലിബാഗ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം. പുറമെ, അൻവയ്ക്കു പണം നൽകാനുള്ള ഫിറോസ് ഷേഖ്, നിതീഷ് ശാർദ എന്നിവർക്കെതിരെയും ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തിയിട്ടുണ്ട്്. അറസ്റ്റിലായി ഒരാഴ്ചയിലേറെ റിമാൻഡിൽ കഴിഞ്ഞിരുന്ന അർണബിന് പിന്നീട് സുപ്രീം കോടതി ജാമ്യം നൽകിയിരുന്നു.
പണം കിട്ടാതായതിെൻറ കടുത്ത മനോവ്യഥയിൽ, തെൻറ കമ്പനിയുടെ പങ്കാളി കൂടിയായ മാതാവിനെ കൊലപ്പെടുത്തിയാണ് അൻവയ് ജീവനൊടുക്കിയത്. ''തെൻറ സ്ഥാപനം നടത്തിയ ഇൻറീരിയർ ജോലികളുടെ പ്രതിഫലയിനത്തിൽ തരാനുള്ള തുക ഇനിയും തന്നില്ലെങ്കിൽ താൻ ജീവനൊടുക്കുമെന്ന് അൻവയ് പ്രതികളോട് പറഞ്ഞിരുന്നു. എന്നാൽ അർണബ് അടക്കമുള്ളവർ ഇത് അവഗണിക്കുകയും ഇഷ്ടമുള്ളത് ചെയ്തുകൊള്ളൂ എന്നാണ് പറഞ്ഞത്''-കുറ്റപത്രം പറയുന്നു. ഇതേത്തുടർന്നുണ്ടായ മാനസിക വ്യഥയിൽ, ആത്മഹത്യക്കുറിപ്പ് എഴുതിവെച്ച് മാതാവിനെ കൊല്ലുകയും സ്വയം ജീവനൊടുക്കുകയുമായിരുന്നുവെന്നും പൊലീസ് പറയുന്നു. ഈ ആത്മഹത്യക്കുറിപ്പ് അൻവയ്യുടെ മരണമൊഴിയായി കണക്കാക്കാമെന്നും പൊലീസ് പറഞ്ഞു.
ആത്മഹത്യക്കുറിപ്പ് പ്രകാരം നായിക്കിെൻറ കോൺകോഡ് ഡിസൈൻസിന് അർണബ് 83 ലക്ഷം, ഫിറോസ് നാലു കോടി, നിതീഷ് ശാർദ 55 ലക്ഷം എന്നിങ്ങനെയാണ് നൽകാനുള്ള തുക. പ്രതികൾക്കെതിരെ 306, 109, 34 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. തുടർവാദം ഡിസംബർ16ന് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.