ന്യൂഡൽഹി: ജമ്മു-കശ്മീരിന്റെ കാര്യത്തിൽ പാർലമെന്റിന് സമ്പൂർണ അധികാരമില്ലെന്നും ഭരണഘടനയുടെ 370ാം അനുഛേദം പരിമിതപ്പെടുത്തിയതാണ് ആ അധികാരമെന്നും മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ സുപ്രീംകോടതിയിൽ ബോധിപ്പിച്ചു. ജമ്മു-കശ്മീർ കേസിലുള്ള വാദം കേൾക്കലിന്റെ 15ാം ദിവസം സർക്കാർ വാദങ്ങൾക്ക് മറുവാദം നടത്തുകയായിരുന്നു കപിൽ സിബൽ.
ജമ്മു-കശ്മീരിന്റെ കാര്യത്തിൽ പാർലമെന്റിന് സമ്പൂർണ അധികാരമുണ്ടെന്ന മിത്താണ് സുപ്രീംകോടതിക്കുമുമ്പാകെ അവതരിപ്പിക്കപ്പെട്ടതെന്ന് സിബൽ ബോധിപ്പിച്ചു. നേർവിപരീതമാണ് വസ്തുത. നിയമം നിർമിക്കാനുള്ള പാർലമെന്റിന്റെ അധികാരം 370ാം അനുഛേദം പരിമിതപ്പെടുത്തുകയാണ് ചെയ്തത്. നിയമനിർമാണത്തിൽ പാർലമെന്റിനുള്ള പരിമിതിയാണിത്. ഈ പരിമിതി തുറിച്ചുനോക്കുമ്പോഴാണ് നിങ്ങൾ സമ്പൂർണ അധികാരത്തെ കുറിച്ച് പറയുന്നത്. എവിടെയാണ് ആ സമ്പൂർണ അധികാരം? പാർലമെന്റല്ല, ജമ്മു-കശ്മീർ മന്ത്രിസഭയാണ് അത് തീരുമാനിക്കുക. ജമ്മു-കശ്മീരിന്റെ ഇന്ത്യയുമായുള്ള സാവധാനമുള്ള ഉദ്ഗ്രഥനം ഉറപ്പാക്കുന്നതിനായിരുന്നു ഈ രീതി സ്വീകരിച്ചതെന്നും കപിൽ സിബൽ പറഞ്ഞു.
ഭരണഘടനക്ക് വൈകാരിക ഭൂരിപക്ഷ വ്യാഖ്യാനം നൽകുന്നത് അംഗീകരിക്കാനാവില്ല. ജമ്മു-കശ്മീരിലെ എല്ലാവരും ഇന്ത്യൻ പൗരന്മാരാണ്. ചരിത്രപരമായി അവർക്ക് ചില അവകാശങ്ങൾ നൽകുന്ന അനുഛേദമുണ്ടെങ്കിൽ അതിനെ നിയമപരമായി പ്രതിരോധിക്കാൻ അവകാശമുണ്ട്. ജമ്മു-കശ്മീരിന്റെ കാര്യത്തിൽ ഭരണഘടനാപരമായ പരിഹാരമില്ലെന്നും രാഷ്ട്രീയ പരിഹാരമാണ് വേണ്ടതെന്നുമല്ലേ താങ്കൾ പറയുന്നതെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് കപിൽ സിബലിനോട് ചോദിച്ചു. ഭരണഘടനാ സഭ ജമ്മു-കശ്മീർ ഭരണഘടനയുണ്ടാക്കിയതോടെ 370ാം അനുഛേദം ജമ്മു-കശ്മീരിന്റെ സ്ഥിരമായ സ്വഭാവമായി തുടരുമെന്നല്ലേ താങ്കളുടെ വാദമെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. ജമ്മു- കശ്മീരുകാരോട് നിലവിലുള്ള അവസ്ഥയിൽനിന്ന് പുറത്തുകടക്കാനുള്ള വഴിയെന്ത് എന്ന് പറയാനുള്ളതല്ല സുപ്രീംകോടതി. പുറത്തുകടക്കാനുള്ള വഴി രാഷ്ട്രീയപ്രക്രിയയാണെന്നും അതവർക്കറിയാമെന്നും സിബൽ കൂട്ടിച്ചേർത്തു.
ന്യൂഡൽഹി: 370ാം അനുഛേദം റദ്ദാക്കിയതിനെതിരെ ജമ്മു-കശ്മീരിനായി സുപ്രീംകോടതിയിൽ വാദിച്ചതിന് സസ്പെൻഡ് ചെയ്ത ലക്ചറർ സഹൂർ അഹ്മദ് ഭട്ടിനെ സർവിസിൽ തിരിച്ചെടുത്തു. സസ്പെൻഷൻ പ്രതികാരമാണോ എന്ന് ചോദിച്ച ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് ജമ്മു-കശ്മീർ ലഫ്റ്റനന്റ് ഗവർണറോട് സംസാരിച്ച് കാരണം അറിയിക്കാൻ കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടതിനെ തുടർന്നാണ് പിന്മാറ്റം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.