സൊകേല തയാങ്

ഇട്ടനഗർ: ഒരേയൊരു വോട്ടറെ തേടി ​പോളിങ് ഉദ്യോഗസ്ഥർ 39 കിലോമീറ്റർ കുന്നും മലയും കാൽനടയായി താണ്ടാനിരിക്കുകയാണ് അരുണാചൽ പ്രദേശിലെ അൻജോ ജില്ലയിലെ വിദൂര ഗ്രാമമായ മാലോഗാമിലെ ​തെര​ഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ. 44കാരിയായ സൊകേല തയാങ് മാ​ത്രമാണ് മലോഗാമിലെ വോട്ടർ. സമുദ്ര നിരപ്പിൽനിന്ന് 3600 അടി ഉയരമുള്ള പ്രദേശമാണിത്.

ചൈന അതിർത്തിക്കരികിലുള്ള ഈ ഗ്രാമത്തിൽ ​സൊകേലയുടെ ജനാധിപത്യാവകാശങ്ങൾ സംരക്ഷിക്കാനായി താൽക്കാലിക ബൂത്താണ് സ്ഥാപിക്കുന്നത്. കാട്ടിനുള്ളിൽ തകരഷീറ്റുകൊണ്ട് മറച്ചാണ് ബൂത്ത് നിർമിക്കുന്നത്. ഏപ്രിൽ 19നാണ് അരുണാചലിൽ നിയമസഭയിലേക്കും ലോക്സഭയിലേക്കുമുള്ള തെരഞ്ഞെടുപ്പ്. മലോഗാമിലെ വോട്ടർമാരിൽ ​സൊകേല ഒഴികെയുള്ള എല്ലാവരും വിദൂര ബൂത്തിൽനിന്ന് മാറി മറ്റൊരു ബൂത്തിലാണ് വോട്ടുചെയ്യുന്നത്. തുടർന്നാണ് പ്രത്യേക സംഘത്തെ അധികൃതർ നിയമിച്ചത്. ഉദ്യോഗസ്ഥരും സുരക്ഷസംഘവും ഹയുലിയാങ്ങിൽ നിന്ന് മാലോഗാമിലേക്ക് പ്രയാണം തുടങ്ങും. കയറ്റവും വളവുകളുമുള്ള വഴിക്കുപുറമേ മോശം കാലാവസ്ഥയും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് വെല്ലുവിളിയാണ്. ഹയുലിയാങ് നിയമസഭ മണ്ഡലത്തിലും അരുണാചൽ ഈസ്റ്റ് ലോക്സഭ മണ്ഡലത്തിലുമാണ് ​സൊകേലയു​ടെ വോട്ട്. തൊട്ടപ്പുറത്തുള്ള ലോഹിത് ജില്ലയിലാണ് സൊകേല നിലവിൽ താമസിക്കുന്നത്. വോട്ടുചെയ്യാനായി ഇവരും കിലോമീറ്റർ താണ്ടണം. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ മുൻ ഭർത്താവ് ജാനേലും തായാങും ഈ ബൂത്തിലെ വോട്ടറായിരുന്നു. പിന്നീട് ജാനേലും ബൂത്ത് മാറി. കഴിഞ്ഞ വർഷവും പോളിങ് ഉദ്യോഗസ്ഥർ ഏറെ ബുദ്ധിമുട്ടിയാണ് ഈ ബൂത്തിലെത്തിയത്.

ഒരു ദിവസം മുഴുവൻ സഞ്ചരിച്ചാണ് മലോഗാമിലെത്തുന്നതെന്ന് ജോയന്റ് ചീഫ് ഇലക്ടറൽ ഓഫിസർ ലികേൻ കോയു പറഞ്ഞു. എല്ലാവർക്കും വോട്ട് ചെയ്യാൻ അവകാശമു​ണ്ടെന്നും എ​ത്ര അകലെയാണെന്നത് വിഷയമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വോട്ടർമാരുടെ എണ്ണമല്ല, അവർക്ക് ശബ്ദമുയർത്താൻ കഴിയുന്നത് ഉറപ്പുവരുത്തുകയെന്നതാണ് പ്രധാനമെന്ന് അരുണാചലിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ പവൻ കുമാർ സെയ്ൻ പറഞ്ഞു. സംസ്ഥാനത്തെ 2226 പോളിങ് ബൂത്തുകളിൽ 2287എണ്ണത്തിലെത്താൻ കാൽനട മാത്രമാണ് ശരണം. 61 ബൂത്തുകളിലെത്താൻ രണ്ടുദിവസം മല കയറണം. ഏഴ് ബൂത്തുകളിലെത്താൻ മൂന്നുദിവസം ട്രക്കിങ് നടത്തണം. 

Tags:    
News Summary - Arunachal Pradesh's Anjo district has a vote on top of the hill

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.