ന്യൂഡൽഹി: ജയിൽ മോചിതനായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ചൊവ്വാഴ്ച വൈകീട്ട് 4.30ന് ഡൽഹി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കും. രാജിക്കത്ത് ഡൽഹി ലഫ്റ്റനന്റ് ഗവർണർ വി.കെ. സക്സേനക്ക് കൈമാറും. ആം ആദ്മി പാർട്ടി സർക്കാറിന്റെ അവശേഷിക്കുന്ന അഞ്ചുമാസ കാലയളവിലേക്ക് പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താൻ തിരക്കിട്ട കൂടിയാലോചനകളാണ് നടന്നത്. രാവിലെ സ്വവസതിയിൽ മുതിർന്ന നേതാക്കളുമായി കൂടിയാലോചന നടത്തിയ കെജ്രിവാൾ വൈകീട്ട് രാഷ്ട്രീയകാര്യ സമിതി യോഗവും വിളിച്ചു. ഇന്ന് രാവിലെ 11മണിക്ക് നടക്കുന്ന നിയമസഭാ കക്ഷി യോഗം പുതിയ മുഖ്യമന്ത്രിയെ ഔപചാരികമായി തെരഞ്ഞെടുക്കും.
അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ പ്രസ്ഥാനത്തിന്റെ മുൻനിര പോരാളിയായിരുന്നു കെജ്രിവാൾ. തുടർന്ന് ആം ആദ്മി പാർട്ടിയുണ്ടാക്കി ഡൽഹിയിൽ മുഖ്യമന്ത്രി പദത്തിലെത്തി ചരിത്രത്തിലേക്ക് നടന്നുകയറി. അഴിമതിക്കേസിൽ അറസ്റ്റിലായി ജയിലിലടക്കപ്പെട്ടതിനെ തുടർന്ന്, ജനകീയ കോടതി തന്റെ കാര്യത്തിൽ തീർപ്പുകൽപിക്കാതെ ഇനി മുഖ്യമന്ത്രിപദത്തിലേക്കില്ലെന്നുപറഞ്ഞ് രാജിവെക്കുന്നതും ചരിത്രമായി മാറുകയാണ്.
ഡൽഹി മദ്യനയ കേസിൽ ജാമ്യം നേടി ജയിലിൽനിന്ന് പുറത്തുവന്നതിന് പിന്നാലെയാണ് അപ്രതീക്ഷിത രാജിപ്രഖ്യാപനത്തിലൂടെ കെജ്രിവാൾ ഏവരെയും അമ്പരപ്പിച്ചത്. ഞായറാഴ്ച ഡൽഹിയിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുന്നതിനിടയിലായിരുന്നു രാജി പ്രഖ്യാപനം. രണ്ട് ദിവസത്തിനകം താൻ മുഖ്യമന്ത്രി പദം രാജിവെക്കുമെന്നും ജനങ്ങൾ അവരുടെ വിധി പ്രഖ്യാപിക്കുന്നതുവരെ താനിനി ആ കസേരയിലിരിക്കില്ലെന്നും കെജ്രിവാൾ പറഞ്ഞു.
ഡൽഹിയിൽ തെരഞ്ഞെടുപ്പ് കേവലം മാസങ്ങൾ അകലെയാണ് .കോടതിയിൽനിന്ന് നീതി ലഭിച്ച തനിക്കിനി ജനകീയ കോടതിയിൽ നിന്നും നീതി ലഭിക്കും-കെജ്രിവാൾ കൂട്ടിച്ചേർത്തു. താനും ജനകീയ കോടതിയിൽ നിന്ന് വിധി വന്ന ശേഷമേ ഇനി മന്ത്രിപദത്തിലേക്ക് തിരിച്ചുവരൂ എന്ന് ഉപമുഖ്യമന്ത്രി പദം രാജിവെച്ച മനീഷ് സിസോദിയ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പ് വരെയുള്ള ഇടക്കാല മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ തിങ്കളാഴ്ച അരവിന്ദ് കെജ്രിവാൾ തന്റെ വസതിയിൽ മനീഷ് സിസോദിയ, രാജ്യസഭാ കക്ഷി നേതാവ് രാഘവ് ഛദ്ദ എന്നിവരുമായി ചർച്ച നടത്തി. താൽക്കാലിക സംവിധാനമെന്ന നിലയിലുള്ള രാജിക്കൈമാറ്റമായതിനാൽ പിന്നീട് മുഖ്യമന്ത്രി പദത്തിൽ അവകാശവാദം ഉന്നയിക്കാത്ത നേതാവിനെയായിരിക്കും കെജ്രിവാൾ തെരഞ്ഞെടുക്കുക. സിസോദിയയും ഛദ്ദയുമായുള്ള ചർച്ച തിങ്കളാഴ്ച ഒന്നരയോടെയാണ് സമാപിച്ചത്. ഇതിന് ശേഷമാണ് ചൊവ്വാഴ്ച രാജി സമർപ്പിക്കാൻ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ലഫ്. ഗവർണറോട് കൂടിക്കാഴ്ചക്ക് സമയം തേടിയത്.
വൈകുന്നേരം അഞ്ച് മണിക്കുശേഷം കെജ്രിവാളിന്റെ വസതിയിൽ ആം ആദ്മി പാർട്ടിയുടെ 11 അംഗ രാഷ്ട്രീയ കാര്യ സമിതിയും ചേർന്നു. മന്ത്രിമാരായ ഗോപാൽറായ്, അതിഷി മർലേന, സൗരവ് ഭരദ്വാജ് തുടങ്ങിയവരുടെ പേരുകൾ പറഞ്ഞുകേൾക്കുന്നുണ്ട്. രാജ്യസഭാ എം.പി സ്ഥാനം രാജിവെക്കേണ്ടിവരുന്നതിനാൽ രാഘവ് ഛദ്ദക്കും സഞ്ജയ് സിങ്ങിനും നറുക്ക് വീഴാനുള്ള സാധ്യത വിരളമാണ്. ഭാര്യ സുനിത കെജ്രിവാളിനെ മുഖ്യമന്ത്രിയാക്കണമെന്ന് പ്രവർത്തകരിൽ ഒരുവിഭാഗം ആവശ്യപ്പെട്ടുവെങ്കിലും അത് പാർട്ടിക്ക് രാഷ്ട്രീയമായ തിരിച്ചടിയാകുമെന്ന് കരുതുന്നവരാണ് നല്ലൊരു ശതമാനവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.