വരുംദിവസങ്ങളിൽ കൂടുതൽ എ.എ.പി എം.എൽ.എമാരെ അറസ്റ്റ് ചെയ്യും -അമാനത്തുല്ല ഖാന്റെ അറസ്റ്റിൽ പ്രതികരണവുമായി അരവിന്ദ് കെജ്രിവാൾ

ന്യൂഡൽഹി: ആം ആദ്മി പാർട്ടി(എ.എ.പി) എം.എൽ.എ അമാനത്തുല്ല ഖാനെ ഡൽഹി അഴിമതി വിരുദ്ധ ബ്രാഞ്ച് (എ.സി.ബി) അറസ്റ്റ് ചെയ്തതിനു പിന്നാലെ പ്രതികരണവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. വരും ദിവസങ്ങളിൽ കൂടുതൽ എ.എ.പി എം.എൽ.എമാർ അറസ്റ്റിലാകുമെന്നായിരുന്നു കെജ്രിവാൾ പ്രതികരിച്ചത്. ''ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ ആണ് ആദ്യം അറസ്റ്റിലായത്. എന്നാൽ അവർക്ക് കോടതിയിൽ തെളിവ് ഹാജരാക്കാൻ സാധിച്ചില്ല. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വസതിയിൽ റെയ്ഡ് നടത്തിയെങ്കിലും അവർക്ക് ഒന്നും കണ്ടെത്താനായില്ല. ഇപ്പോൾ അമാനുല്ലയെ അറസ്റ്റ് ചെയ്തു. ഇനിയും നിരവധി എം.എൽ.എമാരെ അറസ്റ്റ് ചെയ്യും. ഗുജറാത്തിൽ എ.എ.പിയുടെ ജനപ്രീതി വർധിക്കുന്നതിൽ ബി.ജെ.പിക്ക് വല്ലാതെ വേദനിച്ചതായി തോന്നുന്നു''-എന്നായിരുന്നു കെജ്രിവാളിന്റെ ട്വീറ്റ്. എ.എ.പിയെ തകർക്കാനുള്ള ഓപറേഷൻ ലോട്ടസിന്റെ ഭാഗമാണ് അറസ്റ്റ് എന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വിമർശിചചു.

''ആദ്യം അവർ സത്യേന്ദ്ര ജെയിനിനെ അറസ്റ്റ് ചെയ്തു, പക്ഷേ തെളിവുകളൊന്നും കോടതിയിൽ ഹാജരാക്കിയിട്ടില്ല. അവർ എന്റെ വീട്ടിൽ റെയ്ഡ് നടത്തി ഒന്നും കണ്ടെത്തിയില്ല. കൈലാഷ് ഗഹ്ലോട്ടിനെതിരെ വ്യാജ അന്വേഷണം ആരംഭിച്ച അവർ ഇപ്പോൾ അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്തു. എ.എ.പിയുടെ എല്ലാ നേതാക്കളെയും തകർക്കാനുള്ള ഓപറേഷൻ ലോട്ടസ് തുടരുകയാണ്''- സിസോദിയ ട്വീറ്റ് ചെയ്തു.

ഗുജറാത്തിൽ ആം ആദ്മി പാർട്ടിയുടെ വർദ്ധിച്ചുവരുന്ന ജനപ്രീതിയെ ബിജെപിയും ഏജൻസികളും ഭയപ്പെടുന്നുണ്ടെന്നും നിരാശയിലാണ് ഈ റെയ്ഡുകളും അറസ്റ്റുകളും നടക്കുന്നതെന്നും എ.എ.പി മുഖ്യ വക്താവ് സൗരഭ് ഭരദ്വാജ് പറഞ്ഞു.

എ.എ.പി എം.എൽ‍.എയും ഡൽ‍ഹി വഖഫ് ബോർഡ് ചെയർമാനുമായ അമാനത്തുല്ല ഖാന് പിന്നാലെ അദ്ദേഹത്തിന്റെ സഹായിയും ബിസിനസ് പങ്കാളിയുമായ ഹാമിദ് അലിയെയും അറസ്റ്റ് ചെയ്തിരുന്നു. ലൈസൻസില്ലാത്ത തോക്ക് കൈവശം വച്ചെന്ന കുറ്റത്തിനാണ് അറസ്റ്റ്. ഹാമിദ് അലിയുടെ വീട്ടിൽ ഡൽഹി പൊലീസ് നടത്തിയ റെയ്ഡിൽ ലൈസൻ‍സില്ലാത്ത പിസ്റ്റളും 12 ലക്ഷം രൂപയും പിടിച്ചെടുത്തിരുന്നു. ഡൽഹി പൊലീസിന്റെ അഴിമതി വിരുദ്ധ ബ്രാഞ്ച് (എ.സി.ബി) ആണ് റെയ്ഡ് നടത്തിയത്. ഡൽഹിയിലെ വിവിധയിടങ്ങളിൽ നടന്ന റെയ്ഡിന്റെ ഭാഗമായായിരുന്നു ഹാമിദ് അലിയുടെ വീട്ടിലും പരിശോധന. 

Tags:    
News Summary - Arvind Kejriwal hits out at BJP as he opposes AAP MLA Amanatullah Khan's arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.