അണ്ണാഹസാരെയിൽ നിന്നാണ് എ.എ.പി തുടങ്ങിയത്, ഞങ്ങൾക്ക് രാഷ്ട്രീയം അറിയില്ല -കെജ്‌രിവാൾ

ഷിംല: ഹിമാചൽ പ്രദേശിൽ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും ഹിമാചൽ പ്രദേശിലെ കുളുവിൽ റോഡ് ഷോ നടത്തി. കുളുവിലെ ധൽപൂരിൽ നിന്ന് ആരംഭിച്ച തിരംഗ യാത്രക്ക് പാർട്ടി നേതാക്കളും പ്രവർത്തകരും ചേർന്ന് വലിയ സ്വീകരണമാണൊരുക്കിയത്.

'അണ്ണാഹസാരെ പ്രസ്ഥാനത്തിൽ നിന്നാണ് എ.എ.പി പ്രവർത്തനം ആരംഭിച്ചത്. പിന്നീടത് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന രാഷ്ട്രീയ പാർട്ടിയായി മാറി. ഞങ്ങൾക്ക് രാഷ്ട്രീയം അറിയില്ല. ഞങ്ങൾ ഇവിടെ രാഷ്ട്രീയം ചെയ്യാനല്ല വന്നത്. രാജ്യത്ത് നിന്ന് അഴിമതി ഇല്ലാതാക്കുമെന്ന് പാർട്ടി പ്രതിജ്ഞയെടുത്തു. ഇതിന്‍റെ അടിസ്ഥാനത്തിൽ ആദ്യം ഡൽഹിയിലെ അഴിമതി അവസാനിപ്പിച്ചു. പിന്നീട് പഞ്ചാബിലും ഇതിനു വേണ്ടിയുള്ള പ്രവർത്തനം ആരംഭിച്ചു' -കെജ്‌രിവാൾ പറഞ്ഞു.

ഒരു മുഖ്യമന്ത്രി തന്‍റെ സ്വന്തം മന്ത്രിയെ അഴിമതിയുടെ പേരിൽ ജയിലിലേക്കയക്കുന്നത് നിങ്ങൾ ഇതിനു മുമ്പ് ഏതെങ്കിലും സർക്കാരിന്‍റെ ഭരണത്തിൽ കണ്ടിട്ടുണ്ടോയെന്ന് അടുത്തിടെ പഞ്ചാബിലെ ആരോഗ്യ മന്ത്രി വിജയ് സിംഗ്ലയെ പുറത്താക്കിയ നടപടിയെ പരാമർശിച്ച് അദ്ദേഹം ചോദിച്ചു. മന്ത്രി അശാസ്ത്രീയമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി കണ്ടെത്തിയ മുഖ്യമന്ത്രി ഭഗവന്ത് മാൻ അദ്ദേഹത്തിന് അഴിമതിയിൽ നിന്ന് ലഭിച്ച പങ്കിന് വേണ്ടി ആവശ്യപ്പെടുന്നതിന് പകരം മന്ത്രിയെ ജയിലിലേക്ക് അയക്കുകയാണ് ചെയ്തതെന്ന് കെജ്‌രിവാൾ പറഞ്ഞു.

ഈ വർഷം അവസാനം സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇത് നാലാം തവണയാണ് കെജ്‌രിവാൾ ഹിമാചൽ പ്രദേശ് സന്ദർശിക്കുന്നത്. പഞ്ചാബിൽ എ.എ.പിയുടെ വൻ വിജയത്തിന് ശേഷം 2022ൽ ഹിമാചൽ പ്രദേശിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലാണ് പാർട്ടിയുടെ ശ്രദ്ധ.

Tags:    
News Summary - 'We're not here to do politics': Arvind Kejriwal, Bhagwant Mann hold 'Tiranga Yatra' in Himachal Pradesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.