ന്യൂഡൽഹി: മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ചോദ്യംചെയ്യാൻ കോടതി നാലു ദിവസത്തേക്കു കൂടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കസ്റ്റഡിയിൽ വിട്ടുകൊടുത്തു. നേരത്തേ അനുവദിച്ച കസ്റ്റഡി കാലാവധി വ്യാഴാഴ്ച അവസാനിച്ചതിനെ തുടർന്നാണ് ന്യൂഡൽഹി റൗസ് അവന്യൂ പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി കാവേരി ബവേജയുടെ ഉത്തരവ്. മാർച്ച് 21ന് അറസ്റ്റിലായ കെജ്രിവാളിന്റെ ഇ.ഡി കസ്റ്റഡി ഇതോടെ 10 ദിവസമാകും. ഏഴു ദിവസത്തേക്കാണ് ഇ.ഡി കസ്റ്റഡി ചോദിച്ചിരുന്നത്.
വിചാരണ കോടതിയിൽ വീണ്ടും ഹാജരാക്കുംമുമ്പ് ഹൈകോടതിയിൽനിന്ന് മോചനവിധി നേടിയെടുക്കാൻ കെജ്രിവാൾ നൽകിയ ഹരജി ബുധനാഴ്ച ഹൈകോടതി തള്ളിയിരുന്നു. വ്യാഴാഴ്ച ഉച്ചക്ക് രണ്ടുമണിക്കുശേഷം ഹാജരാക്കിയപ്പോൾ സംസാരിക്കാൻ കെജ്രിവാൾ ആഗ്രഹിക്കുന്നുണ്ടെന്ന് അദ്ദേഹത്തിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രമേശ് ഗുപ്ത ജഡ്ജിയെ അറിയിച്ചു. ഇത് അനുവദിച്ച ജഡ്ജി അഞ്ചു മിനിറ്റിൽ കൂടുതൽ സമയം അനുവദിക്കില്ലെന്ന് വ്യക്തമാക്കി.
ഇ.ഡിയുടെ ദൗത്യം തന്നെ കുടുക്കുകയും ആം ആദ്മി പാർട്ടിയെ തകർക്കുകയും മാത്രമാണെന്ന് കെജ്രിവാൾ കോടതിയോട് പറഞ്ഞു. മാപ്പുസാക്ഷിയായ പ്രതി ബി.ജെ.പിക്ക് 55 കോടി രൂപ നൽകിയിട്ടുണ്ട്. ഇതോടെ യഥാർഥ ‘പണക്കൈമാറ്റം’ തെളിഞ്ഞ ഈ കേസിൽ ഇ.ഡി ആവശ്യമുള്ളത്രയും ദിവസം തന്നെ കസ്റ്റഡിയിൽ വെച്ചോട്ടെയെന്നും ആരും തനിക്കെതിരെ മൊഴി നൽകിയിരുന്നില്ലെന്നും കെജ്രിവാൾ പറഞ്ഞു. അന്വേഷണവുമായി സഹകരിക്കാൻ കെജ്രിവാൾ തയാറാണെന്നും മദ്യനയ കേസിലെ പ്രതിയുടെ പണം ഇലക്ടറൽ ബോണ്ടിൽവന്നതാണ് ചൂണ്ടിക്കാട്ടുന്നതെന്നും ഇതിൽ അന്വേഷണം വേണമെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ രമേശ് ഗുപ്ത വാദിച്ചു.
എന്നാൽ ഏഴു ദിവസം കൂടി കെജ്രിവാളിനെ ചോദ്യംചെയ്യാൻ കസ്റ്റഡിയിൽ വിട്ടു കിട്ടണമെന്ന് ഇ.ഡിക്കുവേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.വി. രാജുവും സൊഹേബ് ഹുസൈനും വാദിച്ചു. മൊഴി രേഖപ്പെടുത്തിയെങ്കിലും ഒഴിഞ്ഞുമാറുന്ന ഉത്തരങ്ങളാണ് കെജ്രിവാൾ നൽകിയത്. പാസ്വേഡ് വെളിപ്പെടുത്താത്തതിനാൽ പിടിച്ചെടുത്ത മൊബൈലിലെ ഡിജിറ്റൽ ഡേറ്റ പരിശോധിക്കാനായിട്ടില്ലെന്ന് രാജു ബോധിപ്പിച്ചു. തന്റെ അഭിഭാഷകരോട് സംസാരിച്ച് പാസ്വേഡ് നൽകണോ വേണ്ടയോ എന്ന കാര്യം പറയാമെന്നാണ് കെജ്രിവാൾ ഇ.ഡി ഉദ്യോഗസ്ഥരോട് പറഞ്ഞത്. പാസ്വേഡ് കെജ്രിവാൾ നൽകിയില്ലെങ്കിൽ തങ്ങൾക്ക് മറ്റു രീതിയിൽ തുറക്കേണ്ടിവരും. മറ്റുള്ളവരുടെ കൂടെയിരുത്തി കെജ്രിവാളിനെ ചോദ്യം ചെയ്യേണ്ടതുമുണ്ട്. മുഖ്യമന്ത്രിയാണെന്നു കരുതി കെജ്രിവാളിനെ വെറുതെ വിടില്ലെന്നും ഇ.ഡി അഭിഭാഷകൻ വാദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.