ഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെ ചോദ്യം ചെയ്തത് ഉൾപ്പെടെയുള്ളവ ചർച്ച ചെയ്യുന്നതിന് ചേർന്ന നിയമസഭാ സമ്മേളനത്തിൽ പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ. ചട്ടം ലംഘിച്ചാണ് സഭ ചേരുന്നതെന്ന് ആരോപിച്ച് നിയമസഭക്ക് മുന്നിലാണ് പ്രതിഷേധം. ലെഫ്റ്റനന്റ് ഗവർണറുടെ എതിർപ്പ് മറികടന്നാണ് ഡൽഹിയിൽ നിയമസഭാ സമ്മേളനം നടക്കുന്നത്.
ഒരുദിവസത്തേക്ക് മാത്രം സഭ ചേരുന്നതിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. എന്നാൽ, അതെല്ലാം മറികടന്നു രാവിലെ 11 മണിക്ക് തന്നെ സർക്കാർ നിയമസഭാ നടപടികൾ ആരംഭിച്ചു.
നടപടിക്രമങ്ങളിൽ ഗുരുതരവീഴ്ചയുണ്ടെന്നും സഭ ചേരുന്നത് നിർത്തിവക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ലെഫ്. ഗവർണർ വി.കെ. സക്സെന കത്തയച്ചിരുന്നു. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഭാഗം എന്ന നിലയിലാണ് സഭ ചേർന്നത്. സിബിഐ ചോദ്യം ചെയ്യൽ ഉൾപ്പെടെ സഭയിൽ ചർച്ചയാകും. ഡൽഹി സർക്കാരിനെ അസ്ഥിരപ്പെടുത്താൻ കേന്ദ്രസർക്കാർ അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നത് ചർച്ച ചെയ്യുമെന്നും നിയമസഭാ സെക്രട്ടറി അറിയിച്ചിരുന്നു.
ഡൽഹി മദ്യ അഴിമതി കേസുമായി ബന്ധപ്പെട്ട് ഇന്നലെ ഒമ്പതുമണിക്കൂറാണ് മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ സിബിഐ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യൽ രാഷ്ട്രീയ ആയുധമാക്കാൻ ആണ് ആം ആദ്മി പാർട്ടിയുടെ തീരുമാനം. വരും ദിവസങ്ങളിൽ ഇത് ഉയർത്തി ശക്തമായ പ്രതിഷേധ പരിപാടികൾ ആം ആദ്മി സംഘടിപ്പിച്ചേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.