ഭോപാൽ: രാജ്യത്ത് പെേട്രാൾ വില വർധിപ്പിക്കുന്നതിൽ പ്രധാനമന്ത്രിക്ക് അഭിനന്ദവുമായി മധ്യപ്രദേശ് മന്ത്രി. മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി വിശ്വാസ് സാരങ്കാണ് മോദിക്ക് അഭിനന്ദനവുമായി എത്തിയത്. രാജ്യത്ത് സോളാർ, വൈദ്യുത ഊർജ ഉപയോഗം വർധിപ്പിക്കുന്നതിനാണ് മോദിയുടെ നീക്കം. ആഗോള എണ്ണവില നിർണയിക്കുന്നതിൽ ഇതോടെ ഇന്ത്യക്ക് പ്രധാനപങ്കുവഹിക്കാനുമെന്നും അദ്ദേഹം പറഞ്ഞു.
'നോക്കൂ... ഞാൻ പ്രധാനമന്ത്രി നേരന്ദ്രമോദിയെ അഭിനന്ദിക്കുന്നു. അന്താരാഷ്ട്ര വില നിർണയിക്കുന്നതിനും സോളാർ ഊർജ ഉപയോഗം ഗതാഗത മേഖലയിൽ ഉപയോഗപ്പെടുത്താനും ഇത് വഴിവെക്കും. മോദിയുടെ നീക്കം വൈദ്യുത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കും. അതിലൂടെ അന്താരാഷ്ട്ര എണ്ണവിലയെ ഇന്ത്യക്ക് നിയന്ത്രിക്കാനാകും' -എണ്ണവില നിയന്ത്രണത്തിന് സംസ്ഥാന നികുതി കുറക്കാൻ നീക്കമുണ്ടോയെന്ന ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി.
ആഗോളവിപണിയിൽ ഉൽപാദനവും ആവശ്യകതയുമാണ് വില നിർണയിക്കുക. ആവശ്യകത കുറച്ചുകൊണ്ടുവരികയാണെങ്കിൽ രാജ്യത്തെ വിലയിൽ നിയന്ത്രണമുണ്ടാകും. അതിനാലാണ് രാജ്യത്ത് വൈദ്യുത വാഹനങ്ങൾ കൊണ്ടുവരാൻ മോദിജി തീരുമാനിച്ചത്. ഞങ്ങൾക്ക് എണ്ണവില നിയന്ത്രിക്കാൻ കഴിയും -വിശ്വാസ് സാരങ്ക് പറഞ്ഞു.
പെട്രോളിനും ഡീസലിനും ഏറ്റവും കൂടുതൽ വാറ്റ് നികുതി ഏർപ്പെടുത്തുന്ന സംസ്ഥാനങ്ങളിലൊന്നാണ് മധ്യപ്രദേശ്. പെട്രോളിന് 4.50 രൂപയും ഡീസലിന് 2 രൂപയുമാണ് വാറ്റ്.
സംസ്ഥാനത്ത് പെട്രോൾ വില നൂറുരൂപ കടന്നിരുന്നു. രാജ്യത്ത് ആദ്യമായി രാജസ്ഥാനിലെ ശ്രീഗംഗാനഗറിലും മധ്യപ്രദേശിലെ അനുപ്പൂർ ജില്ലയിലുമാണ് പെട്രോൾ വില നൂറുകടന്നത്. ഇന്ധനവില കുറക്കുന്നതിന് അസം, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങൾ വാറ്റ് നിരക്ക് കുറച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.