ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ന്യൂസ് ലെറ്ററിൽ പ്രസിദ്ധീകരിച്ച താജ്മഹലിലെ ഭൂഗർഭ അറകളുടെ ചിത്രങ്ങൾ

ന്യൂഡൽഹി: താജ്മഹലിലെ അടച്ചിട്ട 22 മുറികൾ തുറക്കണമെന്ന ഹരജി അലഹാബാദ് ഹൈകോടതി തള്ളിയത് ഇക്കഴിഞ്ഞ മേയ് 12നാണ്. ഹരജിക്കാരന് നേരെ രൂക്ഷ വിമർശനമുയർത്തിയാണ് കോടതി ഹരജി തള്ളിയത്. കോടതി ഉത്തരവിന് ആറ് ദിവസം മുമ്പ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ) താജ്മഹലിലെ അടച്ചിട്ട ഏതാനും മുറികളുടെ ചിത്രം പ്രസിദ്ധീകരിച്ചിരുന്നു. കോടതി ഹരജി തള്ളിയതിന് പിന്നാലെ മുറികൾക്കുള്ളിൽ യാതൊരു രഹസ്യങ്ങളുമില്ലെന്ന് എ.എസ്.ഐ വ്യക്തമാക്കുകയും ചെയ്തിരുന്നു. ലോകാത്ഭുതങ്ങളിലൊന്നായ മുഗൾ സ്മാരകത്തെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കാനുള്ള തീവ്രഹിന്ദുത്വ ശക്തികളുടെ ശ്രമത്തിന്‍റെ ഭാഗമാണ് താജ്മഹലിലെ അടച്ചിട്ട മുറികൾ തുറക്കണമെന്ന ഹരജിയെന്ന് വ്യക്തം.

ബി.ജെ.പിയുടെ അയോധ്യ ഘടകത്തിന്‍റെ സമൂഹമാധ്യമ ചുമതലയുള്ള രജനീഷ് സിങ് ആണ് ഹരജിയുമായി കോടതിയെ സമീപിച്ചത്. അടച്ചിട്ട മുറികളിൽ ഹിന്ദു െെദവങ്ങളുടെ സാന്നിധ്യം പരിശോധിക്കണമെന്നായിരുന്നു ഇയാളുടെ ആവശ്യം. അടച്ചിട്ടിരിക്കുന്ന മുറികളെ കുറിച്ച് അന്വേഷിക്കാൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയോട് നിർദേശിക്കണമെന്നും വസ്തുതാന്വേഷണ സമിതി രൂപീകരിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു. താജ്മഹൽ തേജോമഹാലയ എന്ന ഹിന്ദുക്ഷേത്രമായിരുന്നെന്ന ഹിന്ദുത്വവാദികളുടെ വാദത്തെ ബലപ്പെടുത്തുന്നതിനായിരുന്നു ഹരജി.


ഹരജിക്കാരനെ രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് അലഹാബാദ് ഹൈകോടതിയുടെ ലഖ്നോ ബെഞ്ച് ഹരജി തീർപ്പാക്കിയത്. നാളെ നിങ്ങൾ കോടതിയുടെ ചേമ്പറുകൾ കാണണമെന്ന ആവശ്യവുമായി വരുമോയെന്ന് ചോദിച്ച കോടതി, പൊതുതാൽപര്യ ഹരജികളെ പരിഹസിക്കരുതെന്നും വിമർശിച്ചിരുന്നു.

കോടതി ഉത്തരവിന് പിന്നാലെ, താജ്മഹലിലെ അടച്ചിട്ട മുറികൾക്കുള്ളിൽ യാതൊരു രഹസ്യവുമില്ലെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. താജ്മഹലിന് മാത്രമുള്ള പ്രത്യേകതയല്ല ഇത്തരം മുറികളെന്നും മുഗൾ കാലഘട്ടത്തിലെ നിരവധി സ്മാരകങ്ങൾക്ക് ഇത്തരത്തിൽ അറകളുണ്ടെന്ന് എ.എസ്.ഐ വ്യക്തമാക്കി. ഡൽഹിയിലെ ഹുമയൂണിന്‍റെ ശവകുടീരത്തിലും സമാനമായ മുറികളുണ്ട്.

മേയ് അഞ്ചിന് എ.എസ്.ഐ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ന്യൂസ് ലെറ്ററിൽ താജ്മഹലിലെ ഭൂഗർഭ അറകളുടെ ചിത്രം പ്രസിദ്ധീകരിച്ചിരുന്നു. അറകളിൽ സംരക്ഷണ പ്രവൃത്തി നടത്തുന്നതിന് മുമ്പും ശേഷവും എന്ന തലക്കെട്ടോടെയായിരുന്നു ചിത്രങ്ങൾ. മേയ് ഒമ്പതിന് ന്യൂസ് ലെറ്ററിനെ കുറിച്ച് ട്വീറ്റ് ചെയ്യുകയുമുണ്ടായി. ശോഷണം സംഭവിച്ച ഭിത്തികളും മറ്റും പ്ലാസ്റ്റർ ഓഫ് പാരീസ് ഉപയോഗിച്ച് സംരക്ഷിച്ചതിന്‍റെ ചിത്രങ്ങളാണ് ന്യൂസ് ലെറ്ററിൽ ഉണ്ടായിരുന്നത്. ഇതുസംബന്ധിച്ച നാല് ചിത്രങ്ങളാണ് പ്രസിദ്ധീകരിച്ചത്.




 

കഴിഞ്ഞ ഡിസംബറിനും ഫെബ്രുവരിക്കും ഇടയിലെ സമയത്താണ് എ.എസ്.ഐ താജ്മഹലിനുള്ളിലെ ഭൂഗർഭ അറകളിൽ സംരക്ഷണ പ്രവൃത്തികൾ നടത്തിയത്. പ്രസിദ്ധീകരിച്ച ചിത്രങ്ങൾ ഡിസംബറിലെടുത്തവയാണ്. അതിന് ശേഷവും ഈ അറകളിൽ നിരവധി പ്രവൃത്തികൾ നടത്തിയിട്ടുണ്ട്. ഫോട്ടോകളും എടുത്തിട്ടുണ്ട്. അടുത്ത ന്യൂസ് ലെറ്ററിൽ സ്ഥലം ലഭിക്കുകയാണെങ്കിൽ ഈ ചിത്രങ്ങളും പ്രസിദ്ധീകരിച്ചുവരും -എ.എസ്.ഐ ആഗ്ര സർക്കിളിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ നിരന്തരം അറ്റകുറ്റപ്പണികൾ നടത്തുകയും ചിത്രങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന അറകളാണ് തുറന്നുപരിശോധിക്കണമെന്നും ഹിന്ദു ദൈവങ്ങളുടെ സാന്നിധ്യം പരിശോധിക്കണമെന്നുമുള്ള ആവശ്യമുന്നയിച്ച് തീവ്രഹിന്ദുത്വ വാദികൾ രംഗത്തെത്തിയിരിക്കുന്നത് എന്ന് വ്യക്തം.

Tags:    
News Summary - ASI had released photos of Taj Mahal’s underground cells ahead of court order

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.