ദിസ്പുർ: അസം നിയമസഭയിലേക്ക് നടന്ന രണ്ടാം ഘട്ട വോട്ടെടുപ്പ് നടന്ന് മണിക്കൂറുകൾക്കകം ബി.ജെ.പി എം.എൽ.എയുടെ കാറിൽനിന്ന് ഇ.വി.എം (ഇലക്ട്രോണിക് വോട്ടിങ് മെഷീൻ) പിടികൂടി. പാതാർകണ്ടി ബി.ജെ.പി എം.എൽ.എ കൃഷ്ണേന്ദു പാലിന്‍റെ കാറിൽ സൂക്ഷിച്ച നിലയിലായിരുന്നു ഇ.വി.എം.
അസം ആസ്ഥാനമായി പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകൻ അദാനു ഭുയാൻ സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചു. പാതാർകണ്ടിയിൽ സ്ഥിതിഗതികൾ കടുത്തതാണെന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.
AS 10B 0022 രജിസ്ട്രേഷൻ നമ്പറിലെ വെളുത്ത സ്േകാർപിയോയിൽ പെട്ടിയിലാക്കിയ ഇ.വി.എം വെച്ചിരിക്കുന്നത് വിഡിയോയിൽ കാണാം. ബി.ജെ.പി എം.എൽ.എ കൃഷ്ണേന്ദു പാലിന്‍റെ വാഹനമാണിതെന്ന് തടിച്ചുകൂടിയ ജനങ്ങൾ പറയുന്നതും വിഡിയോയിൽ കേൾക്കാം.
അതേസമയം, സംഭവത്തിൽ ബി.ജെ.പിക്കെതിരെ പ്രതിപക്ഷമായ കോൺഗ്രസ് രംഗത്തെത്തി. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബി.െജ.പി ശ്രമിച്ചതിന്‍റെ തെളിവാണിതെന്ന് കോൺഗ്രസ് ആരോപിച്ചു. എം.പിമാരടക്കം നിരവധി നേതാക്കളും പ്രമുഖരും പ്രതിഷേധവുമായെത്തി.
'തെരഞ്ഞെടുപ്പ് കമീഷൻ ബി.ജെ.പിയുടെ പോക്കറ്റിലാണെന്ന് അറിയാമായിരുന്നു. എന്നാൽ വോട്ടിങ് മെഷീൻ അവരുടെ മടിയിലാണെന്നത് തീർച്ചയായും പുതിയതും ആശങ്കയുയർത്തുന്നതുമാണ്. ഇതിൽ എവിടെയാണ് ജനാധിപത്യം' -മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്തു.
ബി.ജെ.പിക്ക് അനുകൂലമായി തെരഞ്ഞെടുപ്പ് കമീഷൻ നിലപാടുകൾ സ്വീകരിക്കുന്നതിനെതിരെ രാജ്യത്ത് വിമർശനം ശക്തമായിരുന്നു. സംഭവത്തിൽ ബി.ജെ.പിയോ തെരഞ്ഞെടുപ്പ് കമീഷനോ പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.