ഗുവാഹതി: ലോക്ഡൗണിൽ സംസ്ഥാനത്തിന് പുറത്ത് കുടുങ്ങിക്കിടക്കുന്നവർക്ക് 2000 രൂപ ധനസഹായവുമായി അസം സർക്കാർ. 86 ,000 പേരുടെ അക്കൗണ്ടിലേക്ക് തിങ്കളാഴ്ച 2,000 രൂപ വീതം നിക്ഷേപിച്ചു.
മുഖ്യമന്ത്രി സർബാനന്ദ സോനോവാൽ ഞായറാഴ്ച നടത് തിയ അവലോകന യോഗത്തിലാണ് സാമ്പത്തിക സഹായം നൽകാനുള്ള തീരുമാനം എടുത്തത്. ഇന്ത്യയിലുടനീളം കുടുങ്ങിക്കിടക്കുന് ന അസംകാർക്കാണ് തുക നൽകുന്നതെന്ന് ധനമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. ‘‘പുറത്ത് കുടുങ്ങിക്കിടക്കുന്ന നിർധനർക്ക് നൽകുന്ന സാമ്പത്തിക സഹായത്തിന്റെ ആദ്യ ഗഡുവാണിത്. ലോക്ഡൗൺ നീക്കുന്നതിനുമുമ്പ് രണ്ടാം ഗഡു നൽകും’’ -മന്ത്രി പറഞ്ഞു. അതേസമയം, രണ്ടാം ഘട്ട തുക ഇതുവരെ തീരുമാനിച്ചിട്ടില്ല.
ആദ്യഘട്ടത്തിൽ 99,758 പേരെയാണ് സഹായം ലഭിക്കാൻ അർഹതയുള്ളരായി കണ്ടെത്തിയിട്ടുള്ളത്. ഇതിൽ ബാക്കിയുള്ളവർക്ക് അടുത്ത ദിവസം പണം നൽകുമെന്നും സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ മന്ത്രി കൂടിയായ ശർമ്മ പറഞ്ഞു. 4,29,851 പേർ ഗുവാഹതിയിലെ സെൻട്രൽ സെർവർ വഴി സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
മറ്റ് സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന അസംകാരുടെ വിവരങ്ങൾ ശേഖരിക്കാൻ ഈ സംരംഭം സഹായിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കർണാടകയിലാണ് ഏറ്റവും കൂടുതൽ പേർ. 68,000 അസം സ്വദേശികളാണ് ഇവിടെയുള്ളത്. “ലോക്ഡൗൺ മാറി അവർ അസമിൽ തിരിച്ചെത്തുമ്പോൾ എളുപ്പത്തിൽ ട്രാക്കുചെയ്യാനാകും. ഇവർക്ക് ക്വാറൻറീൻ ഏർപ്പെടുത്താനുള്ള ക്രമീകരണം നടത്തും ” -മന്ത്രി പറഞ്ഞു. വിവിധ അസുഖങ്ങളാൽ വലയുന്ന 647 പേരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ 25,000 രൂപ വീതം നൽകിയതായും ശർമ്മ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.