ന്യൂ ഡൽഹി: അസമിൽ ദരംഗ് ജില്ലയിലെ ധോൽപൂരിൽ ഭൂമി ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് വെടിവച്ച കൊന്ന സംഭവത്തിൽ ശക്തമായ പ്രതിഷേധമുയരണമെന്ന് യൂത്ത് ലീഗ് ദേശീയ പ്രസിഡന്‍റ് ആസിഫ് അൻസാരി, ജനറൽ സെക്രട്ടറി അഡ്വ. വി.കെ ഫൈസൽ ബാബു എന്നിവർ അഭ്യർഥിച്ചു.
കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് ന്യായമായ നഷ്ട പരിഹാരം നൽകണം. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണം. കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾക്ക് നേതൃത്വം നൽകിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും ഇവർ ആവശ്യപ്പെട്ടു.
ദശാബ്ദങ്ങളായി താമസിക്കുന്ന സ്വന്തം ഭൂമി സംരക്ഷിക്കാൻ നിരായുധരായി പ്രതിരോധിച്ച ബംഗാളി വംശജരായ മുസ്ലിംകൾക്കെതിരെ നടക്കുന്ന പൊലീസ് അതിക്രമം വംശഹത്യക്ക് സമാനമാണ്. വെടിയേറ്റുവീണയാളുടെ ശരീരത്തിലേക്ക് ജില്ലാ ഭരന്നകൂടത്തിൻറെ ഫോട്ടോഗ്രാഫർ ബിജോയ് ശങ്കർ ബനിയ എടുത്തു ചാടുന്ന ദൃശ്യങ്ങൾ ഈ ഭീകരതയുടെ വ്യാപ്തി വിളിച്ചറിയിക്കുന്നു.
രാജ്യം ഞെട്ടിത്തരിക്കുന്ന ക്രൂരതയാണ് ആ ദൃശ്യങ്ങളിലൂടെ ലോകം കണ്ടത്. സ്വന്തം ജനതയുടെ മൃതശരീരങ്ങൾക്കു മേൽ നൃത്തം ചവിട്ടുന്നവരായി അസമിലെ ബി.ജെ.പി സർക്കാർ മാറി. ന്യൂനപക്ഷ വേട്ടയിൽ പരസ്പരം മത്സരിക്കുകയാണ് രാജ്യത്തെ ബി.ജെ.പി മുഖ്യമന്ത്രിമാർ. അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വാ ശർമക്ക് അര നിമിഷം പോലും അധികാരത്തിൽ തുടരാൻ അർഹതയില്ല. അദ്ദേഹം രാജിവച്ചൊഴിയണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.