ഗുവാഹത്തി: അന്തരിച്ച ഫുട്ബാൾ താരം ഡീഗോ മറഡോണയുടെ മോഷണം പോയ ആഡംബര വാച്ച് കണ്ടെത്തി. ദുബൈ പൊലീസിന്‍റെ സഹായത്തോടെ അസം പൊലീസാണ് മോഷണം പോയ വാച്ച് കണ്ടെടുത്തതെന്ന് അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ അറിയിച്ചു.
മുഖ്യപ്രതിയായ വാസിദ് ഹുസൈനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച വെളുപ്പിന് നാലുമണിയോടെ ശിവസാഗറിലെ വീട്ടിൽനിന്നാണ് പൊലീസ് പ്രതിയെ പിടികൂടിയത്. വാച്ചും കണ്ടെടുത്തു. ദുബൈ പൊലീസിൽനിന്ന് കേന്ദ്ര ഏജൻസിക്ക് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പൊലീസിന്‍റ തെരച്ചിൽ.
മറഡോണ ഉപയോഗിച്ചിരുന്ന സാധനങ്ങൾ സൂക്ഷിച്ചിരുന്ന ദുബൈയിലെ കമ്പനിയിലെ സുരക്ഷ ഗാർഡായിരുന്നു വാസിദ്. അവിടെനിന്ന് മറഡോണ ഒപ്പുവെച്ച ലിമിറ്റഡ് എഡിഷൻ ഹബ്ലോട്ട് വാച്ച് ഇയാൾ മോഷ്ടിക്കുകയായിരുന്നു. ഏകദേശം 20 ലക്ഷം രൂപ വില വരും വാച്ചിന്. തുടർന്ന് ഈ വർഷം ആഗസ്റ്റിൽ ഇയാൾ അസമിലെത്തി.
ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കഴിഞ്ഞ രാത്രിയിൽ ഞങ്ങൾ ഓപ്പറേഷൻ ആരംഭിച്ചു. പ്രതിയെ വീട്ടിലെത്തി പിടികൂടി. ഹബ്ലോട്ട് വാച്ചും കണ്ടെടുത്തു. അന്വേഷണം പുരോഗമിക്കുകയാണ്' -ശിവസാഗർ ജില്ല പൊലീസ് സൂപ്രണ്ട് രാകേഷ് രൗഷൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.