കരുത്ത് കാട്ടുമോ 'ഇൻഡ്യ'; ഇന്ന് വിധിയറിയുന്നത് ഏഴ് നിയമസഭ മണ്ഡലങ്ങളിൽ

ന്യൂഡൽഹി: പുതുപ്പള്ളിക്ക് പുറമേ ഇന്ന് നിയമസഭ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ നടക്കുന്നത് അഞ്ച് സംസ്ഥാനങ്ങളിലെ ആറ് മണ്ഡലങ്ങളിൽ കൂടി. ഝാർഖണ്ഡ്, ത്രിപുര, പശ്ചിമബംഗാൾ, യു.പി, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ സീറ്റുകളിലാണ് പുതുപ്പള്ളിക്കൊപ്പം ഉപതെരഞ്ഞെടുപ്പ് നടന്നത്. സഖ്യത്തിന്‍റെ അടിസ്ഥാനത്തിലല്ല മത്സരമെങ്കിലും, ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ നേരിടാനായി രൂപംകൊണ്ട പുതിയ പ്രതിപക്ഷ സഖ്യമായ 'ഇൻഡ്യ'ക്ക് ഇന്നത്തെ ഫലങ്ങൾ കരുത്ത് തെളിയിക്കാനുള്ള അവസരമാണ്.

ഝാർഖണ്ഡിലെ ഡുമ്രി മണ്ഡലം, ത്രിപുരയിലെ ബോക്സാനഗർ, ധൻപൂർ, പശ്ചിമബംഗാളിലെ ദുപ്ഗുരി, യു.പിയിലെ ഘോസി, ഉത്തരാഖണ്ഡിലെ ബാഗേശ്വർ എന്നീ നിയമസഭ മണ്ഡലങ്ങളിലാണ് വോട്ടെണ്ണൽ പുരോഗമിക്കുന്നത്. ആറിടത്ത് ജനപ്രതിനിധികളുടെ മരണമാണ് ഉപതെരഞ്ഞെടുപ്പിന് കാരണമായതെങ്കിൽ ധൻപൂരിലും ഘോസിയിലും ജനപ്രതിനിധികൾ രാജിവെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്.

ഝാർഖണ്ഡിലെ ഡുമ്രി മണ്ഡലം ഝാർഖണ്ഡ് മുക്തി മോർച്ചയുടെ സീറ്റാണ്. എം.എൽ.എയായിരുന്ന ജഗർനാഥ് മാതോയുടെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്. 2019ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ഇവിടെ മൂന്നാം സ്ഥാനത്തായിരുന്നു.

ത്രിപുരയിലെ ധൻപൂർ മണ്ഡലം ബി.ജെ.പിയുടെ സിറ്റിങ് സീറ്റാണ്. 2023ലെ തെരഞ്ഞെടുപ്പിൽ 3500 വോട്ടിനാണ് ബി.ജെ.പിയുടെ പ്രതിമ ഭൗമിക് സി.പി.എം സ്ഥാനാർഥിയെ തോൽപ്പിച്ചത്. തന്‍റെ ലോക്സഭ സീറ്റ് നിലനിർത്താനായാണ് ഇവർ രാജിവെച്ചത്. ത്രിപുരയിലെ ബോക്സാനഗറിൽ സി.പി.എമ്മിന്‍റെ ഷംസുൽ ഹഖാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജയിച്ചത്. അദ്ദേഹത്തിന്‍റെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്.

ഉത്തരാഖണ്ഡിലെ ബാഗേശ്വറിൽ ബി.ജെ.പിയുടെ ചന്ദൻ രാംദാസാണ് 2022ലെ തെരഞ്ഞെടുപ്പിൽ ജയിച്ചത്. അദ്ദേഹത്തിന്‍റെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്.

യു.പിയിലെ ഘോസിയിൽ എസ്.പി സ്ഥാനാർഥി ധാരാസിങ് ചൗഹാനാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജയിച്ചത്. 22,000ലേറെ വോട്ടിന് ബി.ജെ.പിയെയാണ് തോൽപ്പിച്ചത്. ചൗഹാൻ എസ്.പിയിൽ നിന്ന് രാജിവെച്ച് ബി.ജെ.പിയിൽ ചേർന്നതോടെയാണ് ഉപതെരഞ്ഞെടുപ്പ്.

പശ്ചിമബംഗാളിലെ ദുപ്ഗുരിയിൽ 2021ൽ ബി.ജെ.പിയുടെ ബിഷ്ണുപദ റോയ് ആണ് ജയിച്ചത്. 4300 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ തൃണമൂൽ സ്ഥാനാർഥിയെയാണ് തോൽപ്പിച്ചത്. റോയുടെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

Tags:    
News Summary - Assembly bye election results in seven constituency

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.