ന്യൂഡൽഹി: ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ആഫ്രിക്കൻ-അമേരിക്കൻ ഗായികയും നടിയുമായ മേരി മിൽബെൻ. 'തിരഞ്ഞെടുപ്പ് ഫലങ്ങളിൽ രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളിൽ ബി.ജെ.പി വിജയിച്ചത് 2024ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശക്തമായ വിജയത്തിന്റെ മുന്നോടിയാണ്'. എക്സിൽ മേരി മിൽബെൻ കുറിച്ചു. യു.എസ്-ഇന്ത്യ ബന്ധം നിലനിർത്താന്‍ അദ്ദേഹത്തിന്‍റെ ശ്രമങ്ങൾ പ്രശംസനീയമാണെന്നും മിൽബെൻ കൂട്ടിച്ചേർത്തു.
സെപ്റ്റംബർ ഏഴിന് ആഫ്രിക്കൻ യൂണിയനെ ജി20യിൽ പൂർണ അംഗമായി ഉൾപ്പെടുത്താനുള്ള പ്രധാനമന്ത്രി മോദിയുടെ നിർദ്ദേശത്തെ പ്രശംസിച്ച് മേരി മിൽബെൻ നേരത്തെ രംഗത്തെത്തിയിരുന്നു. ഈ നീക്കത്തിന് യു.എസും പിന്തുണ അറിയിച്ചിരുന്നു. ആഫ്രിക്കൻ യൂണിയനെ ജി20യുടെ പൂർണ അംഗമായി ഉൾപ്പെടുത്താനുള്ള പ്രധാനമന്ത്രി മോദിയുടെ നിർദ്ദേശത്തെ ഞാൻ അഭിനന്ദിക്കുന്നു. ഇത് നമ്മുടെ ലോകത്തെ സ്വാധീനിക്കുന്ന നയങ്ങളെ രൂപപ്പെടുത്താൻ കഴിയും. മിൽബെൻ വീഡിയോയിലൂടെയാണ് ഈ കാര്യം വ്യക്തമാക്കിയത്.
ഛത്തീസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയാണ് വിജയിച്ചത്. തെലങ്കാനയിൽ മാത്രമാണ് കോൺഗ്രസ് വിജയിച്ചത്. അതേസമയം നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ മുഖ്യമന്ത്രിമാരെ തീരുമാനിക്കാനുള്ള നടപടികൾ ബി.ജെ.പി ആരംഭിച്ചിട്ടുണ്ട്. മൂന്ന് സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര നിരീക്ഷകരെ അയക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിരീക്ഷകരുടെ സാന്നിധ്യത്തിൽ ചേരുന്ന നിയമസഭാ കക്ഷി യോഗത്തിൽ മുഖ്യമന്ത്രിയുടെ പേര് അന്തിമമാക്കും. നിരീക്ഷകരെ നിശ്ചയിക്കാൻ ബി.ജെ.പി പാർലമെന്ററി ബോർഡ് യോഗം ചേരുമെന്നും സർക്കാർ അറിയിച്ചു. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നുവെങ്കിലും ഒരിടത്തും മുഖ്യമന്ത്രി സ്ഥാനാർഥിയെ ബി.ജെ.പി പ്രഖ്യാപിച്ചിരുന്നില്ല.
ആരെ മുഖ്യമന്ത്രിയാക്കണമെന്ന് തീരുമാനിക്കുക എന്നതാണ് ബി.ജെ.പിയുടെ അടുത്ത ദൗത്യം. ബി.ജെ.പി ജയിച്ച മൂന്നിടത്തും ഒട്ടേറെ പ്രമുഖരുടെ പേരുകൾ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നുണ്ട്. മധ്യപ്രദേശിൽ നിലവിലെ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അടുത്ത തവണയും മുഖ്യമന്ത്രിയാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഛത്തീസ്ഗഢിലും രമൺ സിങ്ങിനെക്കൂടാതെ നിരവധി പേർ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ടെങ്കിലും തീരുമാനമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.