67 വയസ്സുള്ള ശങ്കരനാരായണൻ ശങ്കരപാണ്ഡ്യൻ ഗേറ്റ് പരീക്ഷാ ഹാളിൽ എത്തിയപ്പോൾ അധ്യാപകർ അദ്ദേഹത്തിന് മാതാപിതാക്കൾ കാത്തിരിക്കുന്ന സ്ഥലം കാണിച്ചുകൊടുത്തു. വിദ്യാർഥികളെ അനുഗമിച്ച രക്ഷിതാക്കളാരോ ആണെന്നായിരുന്നു അധ്യാപകരുടെ ധാരണ. അവരാരും കരുതിയില്ല, താൻ ഗേറ്റ് 2021 മത്സരപരീക്ഷ എഴുതാൻ എത്തിയതാണെന്ന്. ഇതുപറഞ്ഞുകൊണ്ട് ശങ്കരനാരായണൻ പൊട്ടിച്ചിരിച്ചു.
രണ്ട് കുട്ടികളുടെ പിതാവും മൂന്ന് കുട്ടികളുടെ മുത്തച്ഛനുമായ ശങ്കരനാരായണൻ ഗ്രാജ്വേറ്റ് ആപ്റ്റിററ്യൂഡ് ടെസ്റ്റ് ഇൻ എൻജിനീയറിങ്(ഗേറ്റ്) പാസാകുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ്.
തമിഴ്നാട്ടിലെ ഹിന്ദു കോളജിലെ മാത്തമാറ്റിക്സ് അധ്യാപകനായിരുന്നു ഇദ്ദേഹം. സ്പെഷ്യലൈസേഷന് വിദ്യാർഥികൾ ഏതെങ്കിലും ഒരു വിഷയം തെരഞ്ഞെടുക്കുമ്പോൾ രണ്ടുവിഷയങ്ങളാണ് ഇദ്ദേഹം തെരഞ്ഞെടുത്തത്. ഇതിൽ കണക്കിൽ 338ഉം കംപ്യൂട്ടർ സയൻസിൽ 482ഉം മാർക്കും ഇദ്ദേഹം കരസ്ഥമാക്കി. ഒരേ ദിവസം വ്യത്യസ്ത സമയത്തായിരുന്നു ഈ രണ്ട് പരീക്ഷകളും നടന്നത് എന്ന പ്രത്യേകതയുമുണ്ട്.
20നും 30നും ഇടക്കുള്ള വിദ്യാർഥികളാണ് ഗേറ്റ് പരീക്ഷ സാധാരണ എഴുതാറുള്ളത്. ഏകദേശം രണ്ട് ദശാബ്ദത്തോളം എൻജിനീയറിങ് വിദ്യാർഥികളെ പഠിപ്പിച്ച ഇദ്ദേഹം ഓഗ്മെന്‍റഡ് റിയാലിറ്റിയിൽ തുടർപഠനം നടത്താനാണ് ആഗ്രഹിക്കുന്നത്.
അറിയാനും വീണ്ടും പഠിക്കുന്നതിനും ഉള്ള ആഗ്രഹം കൊണ്ട് മാത്രമാണ് താൻ പരീക്ഷ എഴുതിയതെന്ന് ശങ്കരനാരായണൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.