പ്രധാനമന്ത്രി ആവാസ് യോജനയിൽ നിർമിച്ച ദലിത് വീടുകൾ പൊളിച്ച് വനം വകുപ്പ്; ബി.ജെ.പിയെ ജനം പാഠം പഠിപ്പിക്കണമെന്ന് പ്രിയങ്ക ഗാന്ധി

ഭോപ്പാൽ: മധ്യപ്രദേശിൽ ദലിത് വീടുകൾ പൊളിച്ചുനീക്കിയ സർക്കാർ നടപടിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ദലിത് വിഭാഗത്തിന് നേരെയുള്ള അതിക്രമം അതിരുകടന്നെന്നും മധ്യപ്രദേശിലെ ജനങ്ങൾ ബി.ജെ.പിയെ പാഠം പഠിപ്പിക്കണമെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു. ട്വിറ്ററിലൂടെയായിരുന്നു പ്രിയങ്കയുടെ പ്രതികരണം.

വനംവകുപ്പിന്‍റെ ഭൂമിയിൽ അനധികൃതമായി നിർമിച്ചതാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിലൂടെ നിർമിച്ച വീടുകൾ ഉൾപ്പെടെയാണ് അധികൃതർ പൊളിച്ചുനീക്കിയത്.

"മധ്യപ്രദേശിൽ ദലിതർക്കെതിരെയുള്ള ബി.ജെ.പി സർക്കാറിന്‍റെ അതിക്രമങ്ങൾ പാരമ്യത്തിലെത്തിയിരിക്കുന്നു. സാഗർ ജില്ലയിലെ 10 ദലിത് കുടുംബങ്ങളുടെ വീടുകൾ തകർത്തു. വീട്ടുകാർ ജോലിക്ക് പോയ സമയത്ത് യാതൊരു വിധ മുന്നറിയിപ്പുമില്ലാതെയായിരുന്നു ഇത്. പി.എം ആവാസ് യോജനക്കു കീഴിൽ നിർമിച്ച വീടുകൾ പോലും പൊളിച്ചുനീക്കി. അധികാരഭ്രമത്തിനിടയിൽ ജനങ്ങളെ ഇല്ലാതാക്കലല്ല മറിച്ച് സംരക്ഷിക്കലാണ് സർക്കാറിന്‍റെ ദൗത്യമെന്ന് വരെ ബി.ജെ.പി മറന്നു. പാവങ്ങൾക്കും ദലിതർക്കുമെതിരെ അക്രമം അഴിച്ചുവിടുന്ന ബി.ജെ.പിയെ മധ്യപ്രദേശിലെ ജനങ്ങൾ പാഠം പഠിപ്പിക്കണം" -പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു.

സർക്കാർ നടപടിയെ വിമർശിച്ച് ബി.എസ്.പി നേതാവ് മായാവതിയും രംഗത്തെത്തി. ആവാസ് യോജനക്കു കീഴിൽ നിർമിച്ച വീടുകൾ പോലും പൊളിച്ചുനീക്കിയ സർക്കാർ നടപടി അപമാനകരമാണെന്നായിരുന്നു അവരുടെ പ്രതികരണം.

നേരത്തെ, ദലിത് കുടുംബങ്ങളുടെ വീടുകൾ പൊളിച്ചുനീക്കാൻ നേതൃത്വം നൽകിയ വനംവകുപ്പ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തിരുന്നു. പ്രധാനമന്ത്രി ആവാസ് യോജനക്കു കീഴിലുള്ള ഏഴ് വീടുകളാണ് അധികൃതർ പൊളിച്ചുനീക്കിയത്. വനംവകുപ്പിന്‍റെ സ്ഥലത്ത് നിർമിച്ച വീടുകൾ പൊളിച്ചുനീക്കുമെന്ന് ഒരു വർഷം മുമ്പേ അറിയിച്ചിരുന്നെന്നും പ്രദേശത്ത് പുതിയ നിർമാണങ്ങൽ ശ്രദ്ധ‍യിൽപെട്ടതോടെയാണ് നടപടി വേഗത്തിലാക്കിയതെന്നുമാണ് ജില്ല അധികാരികളുടെ വാദം.

എന്നാൽ ജില്ല കലക്ടർ, ജില്ല വനംവകുപ്പ് മേധാവി എന്നിവരുമായി നടത്തിയ ചർച്ചയിൽ തങ്ങൾക്ക് പിഴപറ്റിയെന്ന് അധികാരികൾ സമ്മതിച്ചതായി മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി ദിഗ്വിജയ് സിങ് അറിയിച്ചു. വീട് നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകുമെന്ന് അധികൃതർ ഉറപ്പ് നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Atrocities against dalits at its peak sys Priynaka Gandhi after houses of dalits were bulldozed in Madhya Pradesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.